ദലിത് യുവതി കാമുകനായ മുസ്‌ലിം യുവാവിനൊപ്പം ഒളിച്ചോടി; ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ പള്ളിയും വീടും തകര്‍ത്തു

മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. ഒളിച്ചോടിയ യുവാവിന്റെ വീട് ആക്രമിച്ച സംഘം പള്ളി തകര്‍ക്കുകയും പുറത്ത് പാര്‍ക്ക് ചെയ്ത കാറുകള്‍ നശിപ്പിക്കുകയും മുസ്‌ലിംകള്‍ക്കെതിരേ അത്യന്തം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കുകയുമായിരുന്നു. ഇരുവരെയും കാണാതായതിന് തൊട്ടുപിന്നാലെയാണ് അക്രമണമുണ്ടായത്.

Update: 2022-08-29 18:14 GMT

ഭോപ്പാല്‍: ദലിത് യുവതി കാമുകനായ മുസ്‌ലിം യുവാവും ഒളിച്ചോടിയതിനെതുടര്‍ന്ന് ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ ഹിന്ദുത്വര്‍ മുസ്‌ലിം പള്ളിയും യുവാവിന്റെ വീടും വാഹനങ്ങളും തകര്‍ത്തു. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. ഒളിച്ചോടിയ യുവാവിന്റെ വീട് ആക്രമിച്ച സംഘം പള്ളി തകര്‍ക്കുകയും പുറത്ത് പാര്‍ക്ക് ചെയ്ത കാറുകള്‍ നശിപ്പിക്കുകയും മുസ്‌ലിംകള്‍ക്കെതിരേ അത്യന്തം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കുകയുമായിരുന്നു. ഇരുവരെയും കാണാതായതിന് തൊട്ടുപിന്നാലെയാണ് അക്രമണമുണ്ടായത്.

ഉദയ്‌നഗര്‍ പോലിസ് സ്‌റ്റേഷന് സമീപം മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത് ചിലര്‍ വിഡിയോയില്‍ പകര്‍ത്തിയിരുന്നു. സംഭവത്തില്‍ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന സഹോദരന്റെ പരാതിയില്‍ യുവാവിനെതിരെയും വര്‍ഗീയമായി സംഘടിച്ച് പള്ളിയും വീടും വാഹനങ്ങളും തകര്‍ത്തതിന് ബിജെപി നേതാവ് ഭരത് റാത്തോഡിന്റെ നേതൃത്വത്തിലുള്ള കണ്ടാലറിയാവുന്ന സംഘത്തിനെതിരെയും കേസെടുത്തതായി പോലിസ് അറിയിച്ചു.

ബി.ജെ.പി നേതാവ് ഭരത് റാത്തോഡിന്റെ നേതൃത്വത്തിലാണ് അക്രമികളെ സംഘടിപ്പിച്ചതെന്ന് ഉദയ്‌നഗര്‍ പോലിസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് നരേന്ദ്ര പരിഹാര്‍ ദേവാസിന്റെ ഉദ്ധരിച്ച് 'ദി ക്വിന്റ്' റിപോര്‍ട്ട് ചെയ്തു. 'ഭരതിന്റെ നേതൃത്വത്തില്‍ 100-150 പേര്‍ ചേര്‍ന്ന് മാര്‍ക്കറ്റ് അടപ്പിച്ചു. ഒളിച്ചോടിയ യുവാവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തടിച്ചുകൂടിയവരില്‍ പകുതി പേര്‍ പോലീസ് സ്‌റ്റേഷനിലെത്തി, ബാക്കിയുള്ളവര്‍ യുവാവിന്റെ വീടും പള്ളിയും തകര്‍ത്തു'- പോലിസ് പറഞ്ഞു.

ആഗസ്റ്റ് 26ന് ഉച്ചയ്ക്ക് 2 ഓടെയാണ് തന്റെ സഹോദരിയെ ബൈക്കിലെത്തിയ 20കാരനായ ഫര്‍സാന്‍ (എന്ന യുവാവ് വിളിച്ചുകൊണ്ടുപോയതെന്ന് പരാതിക്കാരനായ യുവാവ് പോലിസിനോട് പറഞ്ഞു. 'താനും സഹോദരിയും ചേര്‍ന്ന് പറമ്പില്‍ കൃഷിക്ക് വളം തളിക്കുകയായിരുന്നു. ഈ സമയം ഫര്‍സാന്‍ വന്ന് സഹോദരിയെ വിളിച്ചു. സഹോദരിയെ രഹസ്യമായി മോട്ടോര്‍ സൈക്കിളില്‍ കയറ്റി കൊണ്ടുപോയി. ഞാന്‍ ഒച്ചവെച്ചെങ്കിലും അടുത്തൊന്നും മറ്റാരും ഉണ്ടായിരുന്നില്ല'- പരാതിയില്‍ പറയുന്നു.

ഇരുവരും 12ാം ക്ലാസ് വരെ ഒരുമിച്ച് പഠിച്ചവരാണെന്നും കഴിഞ്ഞ വര്‍ഷം മുതല്‍ പ്രണയത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഫര്‍സാനെതിരേ തട്ടിക്കൊണ്ടുപോകലിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പള്ളി തകര്‍ത്തവര്‍ക്കെതിരേ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ദേവാസ് പോലിസ് സൂപ്രണ്ട് ശിവദയാല്‍ സിംഗ് പറഞ്ഞു.

Tags:    

Similar News