മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ്: ഭിന്നത തീരാതെ തിര. കമ്മീഷന്‍; ലവാസയ്ക്ക് മുഖ്യ തിര. കമ്മീഷണറുടെ കത്ത്

തുടര്‍ച്ചയായി ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗമായ അശോക് ലവാസ കമ്മീഷന്‍ യോഗങ്ങളില്‍നിന്നു രണ്ടാഴ്ചയായി വിട്ടുനില്‍ക്കുകയാണ്. ന്യൂനപക്ഷ തീരുമാനങ്ങള്‍ രേഖപ്പെടുത്താത്തിനാല്‍ താന്‍ ഫുള്‍ കമ്മീഷന്‍ സിറ്റിങ്ങില്‍നിന്ന് വിട്ടുനില്‍ക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ഈ മാസം നാലിനാണ് ലവാസ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയത്.

Update: 2019-05-20 08:28 GMT

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കും തുടര്‍ച്ചയായി ആറുതവണ ക്ലീന്‍ ചിറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഉടലെടുത്ത ഭിന്നത കൂടുതല്‍ രൂക്ഷമാവുന്നു. തുടര്‍ച്ചയായി ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗമായ അശോക് ലവാസ കമ്മീഷന്‍ യോഗങ്ങളില്‍നിന്നു രണ്ടാഴ്ചയായി വിട്ടുനില്‍ക്കുകയാണ്. ന്യൂനപക്ഷ തീരുമാനങ്ങള്‍ രേഖപ്പെടുത്താത്തിനാല്‍ താന്‍ ഫുള്‍ കമ്മീഷന്‍ സിറ്റിങ്ങില്‍നിന്ന് വിട്ടുനില്‍ക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ഈ മാസം നാലിനാണ് ലവാസ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയത്. ഇതോടെ സമവായത്തിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ശ്രമം തുടങ്ങിയെന്നാണ് റിപോര്‍ട്ടുകള്‍.

ഭിന്നത പരസ്യമാക്കരുതെന്നും തിരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ സഹകരിക്കണമെന്നും കാണിച്ച് വിയോജിപ്പ് അറിയിച്ച തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയ്ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ രണ്ട് കത്തുകള്‍ നല്‍കി. ആഭ്യന്തര വിയോജിപ്പുകള്‍ ഒത്തുതീര്‍ക്കണമെന്നും തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി മുന്നോട്ടുകൊണ്ടുപോവാന്‍ സഹകരിക്കണമെന്നുമാണ് സുനില്‍ അറോറ അയച്ച കത്തുകളിലുള്ളത്. ലവാസ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച കമ്മീഷന്‍ യോഗം ചേരും. മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റുകള്‍ തുടര്‍ച്ചയായി നല്‍കിയതില്‍ ആറുതവണയാണ് അശോക് ലവാസ എതിര്‍പ്പ് അറിയിച്ചത്.

എന്നാല്‍, ഈ യോഗങ്ങളുടെ മിനുട്‌സിലൊന്നും അശോക് ലവാസയുടെ എതിര്‍പ്പ് രേഖപ്പെടുത്തിയില്ല. ഇതില്‍ അശോക് ലവാസ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എതിര്‍പ്പുകളും വിയോജിപ്പുകളും രേഖപ്പെടുത്തണമെന്നും അശോക് ലവാസ ആവശ്യപ്പെട്ട കാര്യം പരസ്യമായി പുറത്തുവരികയും ചെയ്തു. ഇതോടെ മോദിക്കും ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍തന്നെ ഭിന്നതയുണ്ടെന്ന കാര്യം പരസ്യമായി. ഇതെത്തുടര്‍ന്നാണ് ഭിന്നത പരസ്യമാക്കുന്നത് ശരിയല്ലെന്നും ഒഴിവാക്കാവുന്ന വിവാദമാണിതെന്നുമുള്ള നിലപാടുമായി സുനില്‍ അറോറ രംഗത്തുവരുന്നതും അശോക് ലവാസയ്ക്ക് രണ്ട് കത്തുകള്‍ നല്‍കുന്നതും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, കമ്മീഷണര്‍മാരായ അശോക് ലവാസ, സുശീല്‍ചന്ദ്ര എന്നിവരടങ്ങുന്നതാണു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. 

Tags:    

Similar News