മോദിക്കും അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ്: പരിശോധിക്കാനൊരുങ്ങി സുപ്രിംകോടതി
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കെതിരായ പരാതികളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഇതിനെതിരേ കോണ്‍ഗ്രസിന്റെ ലോക്‌സഭാ അംഗം സുഷ്മിത ദേബ് ആണ് സുപ്രിംകോടതിയെ സമീപിച്ചത്.
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി പരിശോധിക്കാനൊരുങ്ങി സുപ്രിം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് കോടതിയില്‍ ഫയല്‍ ചെയ്യാന്‍ സുപ്രിംകോടതി അനുമതി നല്‍കി. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കെതിരായ പരാതികളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഇതിനെതിരേ കോണ്‍ഗ്രസിന്റെ ലോക്‌സഭാ അംഗം സുഷ്മിത ദേബ് ആണ് സുപ്രിംകോടതിയെ സമീപിച്ചത്.
പരാതികളില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ കമ്മീഷനോട് കോടതി നേരത്തെ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. സമാനവിഷയത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചവര്‍ക്കെതിരേ നടപടിയെടുത്തതായി ഹരജി നല്‍കിയ സുഷ്മിത ദേബിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി വ്യക്തമാക്കി. ക്ലീന്‍ചിറ്റ് നല്‍കിയതിനുള്ള കാരണം കമ്മീഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. ഏഴ് പരാതികളില്‍ അഞ്ചെണ്ണത്തില്‍ കമ്മീഷന്‍ തീരുമാനം ഏകകണ്ഠമായിരുന്നില്ല. ഒരംഗം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരേ സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ സുപ്രിംകോടതി മാര്‍ഗരേഖ പുറത്തിറക്കണമെന്നും സിങ്‌വി ആവശ്യപ്പെട്ടു.
സുഷ്മിത ദേബിന്റെ ഹരജി ബുധനാഴ്ച പരിഗണിക്കാനായി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മാറ്റി. പുല്‍വാമ ആക്രമണത്തില്‍ രക്തസാക്ഷികളായ സൈനികരുടെ പേരില്‍ മോദി വോട്ടുചോദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു രണ്ട് പരാതി. രാഹുല്‍ഗാന്ധി വയനാട് സീറ്റ് തിരഞ്ഞെടുത്തതില്‍ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട് മോദി രണ്ട് സ്ഥലങ്ങളില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു മറ്റ് രണ്ട് പരാതികള്‍.