സമാധാനവും സ്ഥിരതയും ഇന്ത്യ ആഗ്രഹിക്കുന്നു; ശഹബാസിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

പാക് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട എച്ച് ഇ മിയാന്‍ മുഹമ്മദ് ഷെഹ്ബാസ് ഷെരീഫിന് അഭിനന്ദനങ്ങള്‍, മോദി ട്വീറ്റ് ചെയ്തു.

Update: 2022-04-11 18:58 GMT

ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശഹബാസ് ശരീഫിനെ അഭിനന്ദിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയില്ലാത്ത മേഖലയില്‍ സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു. പാക് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട എച്ച് ഇ മിയാന്‍ മുഹമ്മദ് ഷെഹ്ബാസ് ഷെരീഫിന് അഭിനന്ദനങ്ങള്‍, മോദി ട്വീറ്റ് ചെയ്തു.

'ഭീകരതയില്ലാത്ത ഒരു മേഖലയില്‍ സമാധാനവും സ്ഥിരതയും ഇന്ത്യ ആഗ്രഹിക്കുന്നു, അതുവഴി നമ്മുടെ വികസന വെല്ലുവിളികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നമ്മുടെ ജനങ്ങളുടെ ക്ഷേമവും സമൃദ്ധിയും ഉറപ്പാക്കാനും കഴിയും'- പ്രധാനമന്ത്രി പറഞ്ഞു. തന്റെ മുന്‍ഗാമിയായ ഇംറാന്‍ ഖാനെതിരേ മാര്‍ച്ച് എട്ടിന് അവിശ്വാസ പ്രമേയം കൊണ്ടുവന്നതു മുതല്‍ രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ട് തിങ്കളാഴ്ചയാണ് ശഹബാസ് പാക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

അതേസമയം ഇന്ത്യയുമായി നല്ല ബന്ധത്തിനാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നത് എന്ന് രാജ്യത്തിന്റെ 23ാമത് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

Tags:    

Similar News