'മോദി സര്‍ക്കാരിന് ഇപ്പോള്‍ കിടപ്പറ ഭാഷണം പോലും കേള്‍ക്കാന്‍ കഴിയും'; ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്
വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്യണണമെന്നും കോണ്‍ഗ്രസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയര്‍ പെഗാസസ് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് രാജ്യത്തെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്.രാഹുല്‍ ഗാന്ധിക്ക് എതിരെ ചാരവൃത്തി നടത്തി എന്തുതരം യുദ്ധമാണ് തീവ്രവാദത്തിനെതിരേ നരേന്ദ്ര മോദി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ചോദിച്ചു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്യണണമെന്നും കോണ്‍ഗ്രസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന് ഇപ്പോള്‍ കിടപ്പറ സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് പരിഹസിച്ചു. ഇസ്രായേല്‍ നിര്‍മിത പെഗാസസ് സോഫ്റ്റ് വെയറിലൂടെ ചാര റാക്കറ്റിനെ നിയോഗിച്ചതും നടപ്പാക്കിയതും മോദി സര്‍ക്കാരാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ഇത് വ്യക്തമായും രാജ്യദ്രോഹമാണെന്നും മോദി സര്‍ക്കാര്‍ ദേശീയ സുരക്ഷയില്‍നിന്ന് പൂര്‍ണമായി പിന്മാറിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
പെഗാസസ് ചാര സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും അത് ഏതുവിധത്തില്‍ ജനങ്ങളെ ബാധിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല വിശദീകരിച്ചു. നിങ്ങളുടെ മകളുടെയോ ഭാര്യയുടേയോ ഫോണിലും ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടേക്കാമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിങ്ങള്‍ വാഷ്‌റൂമില്‍ ആയിരുന്നാലും, കിടപ്പുമുറിയില്‍ ആയിരുന്നാലും, നിങ്ങള്‍ നടത്തുന്ന സംഭാഷണം, നിങ്ങളുടെ ഭാര്യ, മകള്‍, കുടുംബം നടത്തുന്ന സംഭാഷണം ഒക്കെ നരേന്ദ്ര മോദി സര്‍ക്കാരിന് ഒളിച്ചുകേള്‍ക്കാന്‍ സാധിക്കും സുര്‍ജെവാല ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, ഐടി മന്ത്രി അശ്വനി വൈഷ്ണവ്, മാധ്യമ പ്രവര്‍ത്തകര്‍, ജഡ്ജിമാര്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയണ് മോദി ഭരണകൂടത്തെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് മുന്നോട്ട് വന്നത്.