ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും അദ്ദേഹം ജനനത്തിലൂടെ ഇന്ത്യന്‍ പൗരനാണെന്നും പ്രധാനമന്ത്രിയുടെ ഓഫിസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൗരത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സുഭങ്കര്‍ സര്‍ക്കാര്‍ 2020 ജനുവരി 17ന് വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയിലാണ് പിഎംഒയുടെ വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്രമോദി 1955ലെ പൗരത്വ നിയമത്തിലെ സെക്്ഷന്‍ 3 അനുസരിച്ച് ജനനത്തിലൂടെ ഇന്ത്യയിലെ ഒരു പൗരനാണെന്നും അതിനാല്‍ അദ്ദേഹത്തിന് രജിസ്‌ട്രേഷന്‍ വഴി പൗരത്വ സര്‍ട്ടിഫിക്കറ്റ് ഉണ്ടോയെന്ന ചോദ്യം ഉയരുന്നില്ലെന്നുമാണ് വിവരാവകാശ നിയമം പ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി പിഎംഒ അണ്ടര്‍ സെക്രട്ടറി പ്രവീണ്‍ കുമാര്‍ മറുപടി നല്‍കിയത്.
എന്നാല്‍, പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പ്രതികരണം അവ്യക്തമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പൗരത്വ സര്‍ട്ടിഫിക്കറ്റ് കാണിക്കുന്നതില്‍ പിഎംഒ പോലും പരാജയപ്പെടുകയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സിഎഎ നടപ്പാക്കിയ ശേഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൗരത്വ രേഖ ആവശ്യപ്പെടുകയാണെങ്കില്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാര്യത്തിലെന്നപോലെ ജനനത്തിലൂടെ പൗരന്മാരാണെന്ന് പൗരന്മാര്‍ക്ക് അവകാശപ്പെടാം. എന്നാല്‍ ഒരു സാധാരണ പൗരന്റെ ഇത്തരം അവകാശവാദം സ്വീകരിക്കുമോ എന്നാണ് ഉയരുന്ന ചോദ്യം.
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയതുമുതല്‍, സിഎഎയ്‌ക്കെതിരായ പ്രതിഷേധം രാജ്യത്തുടനീളം തുടരുകയാണ്. മാത്രമല്ല, രാജ്യത്തെ ഓരോ പൗരനും തന്റെ പൗരത്വം എങ്ങനെ തെളിയിക്കുമെന്ന് ആശങ്കയിലാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.