'എല്ലാ മോദിമാരും കള്ളന്‍മാര്‍' ;വിവാദ പരാമര്‍ശത്തില്‍ രാഹുലിന്റെ ഹരജി തള്ളി ജാര്‍ഖണ്ഡ് ഹൈക്കോടതി

മോദി എന്ന് പേരുള്ള എല്ലാവരേയും അപമാനിക്കുന്നതാണ് രാഹുലിന്റെ പരാമര്‍ശമെന്ന് ആരോപിച്ച് പ്രദീപ് മോദിയെന്ന അഭിഭാഷകനാണ് കേസ് നല്‍കിയത്

Update: 2022-07-14 09:54 GMT

റാഞ്ചി:എല്ലാ മോദിമാരും കള്ളന്‍മാരാണെന്ന പരാമര്‍ശത്തിനെതിരായ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ഹരജി ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി. മോദി എന്ന് പേരുള്ള എല്ലാവരേയും അപമാനിക്കുന്നതാണ് രാഹുലിന്റെ പരാമര്‍ശമെന്ന് ആരോപിച്ച് പ്രദീപ് മോദിയെന്ന അഭിഭാഷകനാണ് കേസ് നല്‍കിയത്.രാഹുലിനെതിരായ മാനനഷ്ടകേസ് നിലനില്‍ക്കുമെന്ന് കോടതി അറിയിച്ചു.

രാഹുലിന്റെ പരാമര്‍ശം മോദിയെന്ന് പേരുള്ള എല്ലാവരെയും അധിക്ഷേപിക്കുന്നതാണോയെന്ന് പരിശോധിക്കേണ്ടത് വിചാരണ വേളയിലാണെന്നും അതിനാല്‍ കേസ് റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സല്‍പ്പേരിനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തോടൊപ്പമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.

2019 ഏപ്രില്‍ 13ന് കോലാറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടേയായിരുന്നു രാഹുല്‍ഗാന്ധിയുടെ വിവാദ പരാമര്‍ശം.എല്ലാ മോദിമാരും കള്ളന്‍മാരാണെന്ന് രാഹുല്‍ പരിഹസിച്ചു. 'അഴിമതിയുടെ കാര്യത്തില്‍ ചൗക്കീദാര്‍ 100 ശതമാനം കള്ളനാണ്,എല്ലാ കള്ളന്‍മാരുടെയും പേര് മോദി എന്നാണ്, നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി' എന്നായിരുന്നു പരാമര്‍ശം. ഇനിയും കള്ളന്‍മാരായ എത്ര മോദിമാര്‍ കടന്നുവരാനുണ്ടെന്നും അദ്ദേഹം ചോദിച്ചു.അനില്‍ അംബാനിക്ക് രാജ്യത്തിന്റെ കള്ളനായ ചൗക്കീദാര്‍ സമ്മാനം നല്‍കിയതാണ് റാഫേല്‍ എന്നും അദ്ദേഹം തിരഞ്ഞെടുപ്പ് റാലിക്കിടേ പറഞ്ഞു.

Tags:    

Similar News