മോഫിയ പര്‍വീണിന്റെ ആത്മഹത്യാക്കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

ഡിവൈഎസ്പി പി രാജീവിനാണ് അന്വേഷണച്ചുമതല. സിഐയ്‌ക്കെതിരേയുള്ള പരാതിയും അന്വേഷണസംഘം പരിശോധിക്കും. നേരത്തെ ആലുവ ഡിവൈഎസ്പി ശിവന്‍കുട്ടിക്കായിരുന്നു കേസിന്റെ അന്വേഷണ ചുമതല.

Update: 2021-11-25 18:57 GMT

കൊച്ചി: ആലുവയിലെ നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക. ഡിവൈഎസ്പി പി രാജീവിനാണ് അന്വേഷണച്ചുമതല. സിഐയ്‌ക്കെതിരേയുള്ള പരാതിയും അന്വേഷണസംഘം പരിശോധിക്കും. നേരത്തെ ആലുവ ഡിവൈഎസ്പി ശിവന്‍കുട്ടിക്കായിരുന്നു കേസിന്റെ അന്വേഷണ ചുമതല.

കേസിലെ മൂന്ന് പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് പോലിസ് ആവശ്യപ്പെട്ടിരുന്നു. വിശദമായി ചോദ്യം ചെയ്യണമെന്ന് ചൂണ്ടിക്കാണിച്ചാണ് കസ്റ്റഡി അപേക്ഷ നല്‍കിയത്. കേസില്‍ കൂടുതല്‍ അന്വേഷണം വേണ്ട സാഹചര്യത്തിലാണ് ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള പോലിസില്‍ നിന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന മോഫിയ തിങ്കളാഴ്ച വൈകീട്ടാണ് സ്വന്തം വീട്ടില്‍ ആത്മഹത്യചെയ്തത്.

ഏഴ് മാസം മുമ്പായിരുന്നു മുഹമ്മദ് സുഹൈലുമായി മോഫിയയുടെ വിവാഹം.ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലായതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിവാഹം നടത്തുകയായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായി മോഫിയ പരാതി നല്‍കിയിരുന്നു. മോഫിയയുടെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ ഭര്‍ത്താവിനേയും ഭര്‍തൃമാതാവിനേയും ഭര്‍തൃപിതാവിനേയും ചൊവ്വാഴ്ച രാത്രി ബന്ധുവീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ റിമാന്റിലാണ്.

ആത്മഹത്യയില്‍ സിഐ സുധീറിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് പോലിസ് റിപ്പോര്‍ട്ട്. മോഫിയ പര്‍വീണ്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ കേസെടുക്കുന്നതിലാണ് സിഐക്ക് വീഴ്ച സംഭവിച്ചത്. ഒക്ടോബര്‍ 29 ന് ഡിവൈഎസ്പി പരാതി സിഐക്ക് കൈമാറിയിരുന്നു.

എന്നാല്‍ സിഐ തുടര്‍ നടപടികള്‍ എടുത്തില്ല. കേസെടുക്കാതെ 25 ദിവസമാണ് പോലിസ് നടപടി വൈകിപ്പിച്ചത്. പെണ്‍കുട്ടി ആത്മഹത്യാ ചെയ്ത ദിവസം മാത്രമാണ് കേസ് എടുത്തതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാര്‍ ഗുപ്ത നേരിട്ടാണ് അന്വേഷണം നടത്തിയത്.ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് പോലിസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. അതേസമയം സിഐ സുധീര്‍, മോഫിയ പര്‍വീണിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും പോലിസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സിഐ യുടെ മുറിയില്‍ വെച്ച് പെണ്‍കുട്ടി ഭര്‍ത്താവിനെ അടിച്ചു. തുടര്‍ന്നുണ്ടായ ബഹളം നിയന്ത്രിക്കുന്നതില്‍ സിഐ അവസരോചിതമായി ഇടപെട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ തനിക്ക് സ്‌റ്റേഷനില്‍ മറ്റ് തിരക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ പരാതി അന്വേഷിക്കാന്‍ മറ്റൊരു ഉദ്യോഗസ്ഥനെ ഏര്‍പ്പാടാക്കിയെന്നും അദ്ദേഹത്തിനാണ് വീഴ്ച വന്നതെന്നുമാണ് സുധീറിന്റെ വാദം. നവംബര്‍ 18ന് മോഫിയയേയും കുടുംബത്തേയും വിളിപ്പിച്ചെങ്കിലും പെണ്‍കുട്ടിയും കുടുംബവും അസൗകര്യം പറഞ്ഞു. തുടര്‍ന്ന് 22ാം തിയതിയാണ് ചര്‍ച്ചയ്ക്കായി സ്‌റ്റേഷനില്‍ വന്നതെന്നും സിഐ പറഞ്ഞതായാണ് റിപോര്‍ട്ടിലുള്ളത്.

Tags:    

Similar News