മുഹമ്മദ് സുബൈറിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി; വിവരങ്ങള്‍ കൈമാറാതെ പോലിസ്

Update: 2022-06-27 15:53 GMT

ന്യൂഡല്‍ഹി: തീവ്ര ഹിന്ദുത്വ നേതാക്കള്‍ക്കെതിരേ ട്വീറ്റ് ചെയ്തതിന്റെ പേരില്‍ യുപി പോലിസ് അറസ്റ്റ് ചെയ്ത ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി ആള്‍ട്ട് ന്യൂസ് സ്ഥാപകരിലൊരാളായ പ്രതീക് സിന്‍ഹ ട്വീറ്റ് ചെയ്തു.

വൈദ്യപരിശോധനയ്ക്ക് ശേഷം സുബൈറിനെ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയിരിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സുബൈറിന്റെ അഭിഭാഷകരോട് എങ്ങോട്ടാണ് കൊണ്ട് പോകുന്നതെന്ന് പറയുന്നില്ല. 'ഞങ്ങള്‍ സുബൈറിന്റെ കൂടെ പോലിസ് വാനിലാണ്. ഒരു പോലിസുകാരനും നെയിം ടാഗൊന്നും ധരിച്ചിട്ടില്ല'. പ്രതീക് സിന്‍ഹ ട്വീറ്റ് ചെയ്തു.

ഐപിസി 295 എ (മതവിശ്വാസങ്ങളെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍), സെക്ഷന്‍ 67 (ഇലക്‌ട്രോണിക് രൂപത്തില്‍ അശ്ലീലമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുക) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഉത്തര്‍പ്രദേശ് പോലിസ് മുഹമ്മദ് സുബൈറിനെ അറസ്റ്റുചെയ്തത്. മറ്റൊരു കേസില്‍ ചോദ്യം ചെയ്യലിനായി മുഹമ്മദ് സുബൈറിനെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും അറസ്റ്റുചെയ്യുകയുമായിരുന്നുവെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ പ്രതീക് സിന്‍ഹ ആരോപിച്ചു.

നോട്ടിസ് നല്‍കാതെയാണ് അറസ്റ്റ് നടപടി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഞങ്ങള്‍ക്ക് എഫ്‌ഐആര്‍ പകര്‍പ്പ് നല്‍കുന്നില്ല അദ്ദേഹം ട്വീറ്റ് ചെയ്തു. തീവ്രഹിന്ദുത്വവാദി നേതാക്കളായ യതി നരസിംഹാനന്ദ്, മഹന്ത് ബജ്‌രങ് മുനി, ആനന്ദ് സ്വരൂപ് എന്നിവരെ വര്‍ഗീയ വിദ്വേഷം പരത്തുന്നവരെന്ന് വിളിച്ചതിനാണ് മുഹമ്മദ് സുബൈറിനെതിരേ കേസെടുത്തിരുന്നത്. രാഷ്ട്രീയ ഹിന്ദു ഷേര്‍ സേനയുടെ ജില്ലാ തലവനായ ഭഗവാന്‍ ശരണ്‍ എന്നയാളുടെ പരാതിയിലാണ് നടപടി.

ഗ്യാന്‍ വാപി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനലിന്റെ ഒരു ചര്‍ച്ച മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തിരുന്നു. മറ്റ് മതങ്ങളെ അവഹേളിച്ച് വിദ്വേഷ പ്രസംഗം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കാനുള്ള വേദിയായി ഇന്ത്യന്‍ മാധ്യമങ്ങള്‍ മാറിയിരിക്കുകയാണെന്നായിരുന്നു പോസ്റ്റിലെ പരാമാര്‍ശം. ഇതിനെതിരായാണ് ശരണ്‍ പരാതി നല്‍കിയത്. സുബൈറിന്റെ പരാമര്‍ശം തന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ട്വീറ്റിലൂടെ മഹന്ത് ബജരങ് മുനിയെ വിദ്വേഷി എന്ന് സുബൈര്‍ പരാമര്‍ശിച്ചുവെന്നും ഇയാള്‍ പരാതിയില്‍ പറഞ്ഞു. ഹിന്ദു നേതാക്കളെ കൊല ചെയ്യാന്‍ സുബൈര്‍ മുസ്‌ലിംകളെ പ്രേരിപ്പിക്കുകയാണെന്നും പരാതിയില്‍ ആരോപിക്കുന്നു.

Tags:    

Similar News