കുരങ്ങു പനി കൂടുതല്‍ രാജ്യങ്ങളിലേക്ക്;അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന

കുരങ്ങുപനിയുടെ 100ലധികം കേസുകള്‍ യൂറോപ്പില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് അടിയന്തരമായി യോഗം വിളിച്ചു ചേര്‍ത്തത്

Update: 2022-05-21 05:37 GMT

ജനീവ: യൂറോപ്പില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ലോകാരോഗ്യസംഘടന അടിയന്തര യോഗം വിളിച്ചു.വെള്ളിയാഴ്ചയായിരുന്നു ഡബ്ല്യുഎച്ച്ഒ യോഗം വിളിച്ചത്. കുരങ്ങുപനിയുടെ 100ലധികം കേസുകള്‍ യൂറോപ്പില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് അടിയന്തരമായി യോഗം വിളിച്ചു ചേര്‍ത്തത്.

കാനഡക്ക് പിറകെ ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, സ്വീഡന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലും കുരങ്ങുപനി കണ്ടെത്തിയിരുന്നു. ആഫ്രിക്കയില്‍ സാധാരണയായി കണ്ടുവന്നിരുന്ന കുരങ്ങുപനി അടുത്തിടെ യൂറോപ്പിലെയും അമേരിക്കയിലെയും വിവിധ ഇടങ്ങളിലേക്ക് പടര്‍ന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

കുരങ്ങന്മാരില്‍ ആദ്യം കണ്ടെത്തിയ മങ്കിപോക്‌സ് പിന്നീട് വൈറസ് കാരിയറുമായി അടുത്തിടപെഴകുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പടരുക. സാധാരണയായി ആഫ്രിക്കക്ക് പുറത്ത് അപൂര്‍വമായി മാത്രമാണ് കുരങ്ങുപനി പടരാറുള്ളത്.മങ്കിപോക്‌സിന്റെ എക്കാലത്തെയും വലിയ പകര്‍ച്ചയാണ് യൂറോപ്പില്‍ ഇപ്പോള്‍ നടക്കുന്നതെന്നാണ് ജര്‍മനി വിഷയത്തില്‍ പ്രതികരിച്ചത്.

അതേസമയം, കൊവിഡ് പടര്‍ന്നുപിടിച്ചത് പോലെ വലിയൊരു മഹാമാരിയായി മങ്കിപോക്‌സ് പകര്‍ച്ച മാറില്ലെന്നാണ് വിദഗ്ധരുടെ പ്രതികരണം. കോറോണ വൈറസിന്റെ പോലെ അത്ര എളുപ്പത്തിലും വേഗത്തിലും പടരുന്നല്ല കുരങ്ങുപനിക്ക് കാരണമായ വൈറസ് എന്നത് തന്നെയാണ് ഇതിന് കാരണമായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്.കടുത്ത പനിയും ദേഹത്ത് തിണര്‍ത്ത് പൊന്തുന്നതുമാണ് കുരങ്ങുപനിയുടെ സാധാരണ ലക്ഷണങ്ങള്‍.ഭയപ്പെടാനില്ലെന്നും രോഗം പടരുന്നുണ്ടെങ്കില്‍ അതിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ അറിയിക്കണമെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. കുരങ്ങുപനി ബാധിച്ചേക്കാവുന്ന ആളുകളെ കണ്ടെത്തുന്നതിനും അവര്‍ക്ക് വേണ്ട ചികില്‍സയും പിന്തുണയും നല്‍കുന്നതിനും രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും അതത് രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.

അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകരുന്നതിനാല്‍ രോഗികളുമായി ബന്ധപ്പെടുന്നവരെ നിരീക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, രോഗികളുടെ വീട്ടുകാര്‍, ലൈംഗിക പങ്കാളികള്‍ എന്നിവര്‍ക്കാണ് രോഗം വേഗത്തില്‍ പടരാന്‍ സാധ്യതയുള്ളത്. അതേ സമയം രോഗത്തിന്റെ പേരില്‍ ആളുകളെ അപകീര്‍ത്തിപ്പെടുത്തുന്നതും ഒറ്റപ്പെടുത്തുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇത് രോഗവ്യാപനത്തെ തടയുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങാകുമെന്നും ലോകാരോഗ്യസംഘടന ഓര്‍മിപ്പിച്ചു.

Tags:    

Similar News