ഗംഗ ശുചീകരണ ഫണ്ട്: ലഭിച്ചത് 243 കോടി; ചെലവഴിച്ചത് 45.2 കോടി

മോദിയുടെ ഗംഗാ സ്‌നേഹം പൊള്ളയെന്ന് കണക്കുകള്‍

Update: 2019-04-03 16:33 GMT

ന്യൂഡല്‍ഹി: ഗംഗ ശുചീകരണത്തിനു വേണ്ടി പൊതുജനങ്ങളില്‍ നിന്നും മറ്റുമായി സ്വരൂപിച്ച ഫണ്ടില്‍ നിന്ന് 80 ശതമാനത്തിലേറെ തുകയും നരേന്ദ്രമോദി സര്‍ക്കാര്‍ ചെലവഴിച്ചില്ലെന്ന് റിപോര്‍ട്ട്. വിവരാവകാശ നിയമം ഉപയോഗിച്ച് 'ദ വയര്‍' ശേഖരിച്ച കണക്കുകളിലാണ്, ബിജെപി സര്‍ക്കാരിന്റെ ഗംഗാ സ്‌നേഹം പൊള്ളയാണെന്നു വെളിപ്പെടുത്തുന്നത്. 2014 സപ്തംബറിലാണ് കേന്ദ്ര മന്ത്രിസഭ ഗംഗ ശുചീകരണ ഫണ്ട്(സിഎഫ്ജി) രൂപീകരിച്ചത്. പൊതുജനങ്ങളില്‍ നിന്നും വിദേശ ഇന്ത്യക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, കമ്പനികള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം ഫണ്ട് സ്വരൂപിക്കാനായിരുന്നു തീരുമാനം.
       2015 ജനുവരിയില്‍ പ്രാബല്യത്തില്‍ വന്ന ഫണ്ട് ശേഖരണത്തില്‍ 2018 ഡിസംബര്‍ വരെ ആകെ 243.27 കോടി രൂപയാണ് ലഭിച്ചത്. ഇതില്‍ നിന്ന് ഗംഗ നദി ശുചീകരിക്കാന്‍ ഉപയോഗിച്ചത് വെറും 45.26 കോടി രൂപയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെ ലഭിച്ച തുകയുടെ 18 ശതമാനം മാത്രമാണിത്. ദേശീയ ഗംഗാ ശുചീകരണ ദൗത്യ(എന്‍എംസിജി)വുമായി ബന്ധപ്പെട്ട സിഎജി റിപോര്‍ട്ടിലും ചെറിയ തുകയാണ് ചെലവഴിച്ചതെന്ന് കുറ്റപ്പെടുത്തുന്നുണ്ട്. ഗംഗാ ശുചീകരണത്തിനു കൂടുതല്‍ തുക ഉപയോഗിക്കുന്ന വിധത്തില്‍ പ്ലാന്‍ തയ്യാറാക്കണമെന്നും 18 ശതമാനം മാത്രം ഉപയോഗിച്ചത് അംഗീകരിക്കാനാവില്ലെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നിയന്ത്രണത്തിലുള്ള ട്രസ്റ്റാണ് സിജിഎഫ് നിയന്ത്രിക്കുന്നത്. ധനകാര്യം, സാമ്പത്തിക കാര്യം, ജല വകുപ്പ്, നദി ശുചീകരണവും ഗംഗ പുനരുജ്ജീവനവും, പരിസ്ഥിതി-വനം-കാലാവസ്ഥ, വിദേശകാര്യ വകുപ്പുകളിലെ തുടങ്ങിയ വകുപ്പുകളിലെ സെക്രട്ടറിമാരും സിഇഒമാരും ഉള്‍പ്പെട്ടതാണ് എന്‍എംസിജി. ശുചീകരണത്തിനു തുക ചെലവഴിച്ചില്ലെന്നു മാത്രമല്ല, ട്രസ്റ്റിമാരുടെ യോഗം വിളിക്കാന്‍ പോലും മെനക്കെട്ടില്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
       


    സിജിഎഫ് ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ രണ്ടു യോഗങ്ങള്‍ മാത്രമാണ് വിളിച്ചത്. ആദ്യയോഗം 2015 മെയ് 29നും രണ്ടാമത്തേത് 2018 മെയ് നാലിനുമാണ് നടന്നത്. മൂന്നു മാസത്തിലൊരിക്കല്‍ യോഗം ചേരണമെന്നാണ് ചട്ടമെങ്കിലും വിളിച്ച യോഗത്തില്‍ പോലും ട്രസ്റ്റിമാര്‍ പൂര്‍ണമായും പങ്കെടുത്തിട്ടുമില്ല. പദ്ധതികള്‍ക്ക് ധനമന്ത്രിയുടെ അനുമതി ലഭിക്കാത്തതിനാലും മറ്റുമാണ് യോഗങ്ങള്‍ നീട്ടിവയ്ക്കുന്നതെന്നും മിനുട്‌സ് രേഖകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നു. ഏറെ തിരക്കുള്ള ധനമന്ത്രിയെ പോലുള്ളവര്‍ പങ്കെടുപ്പിച്ച് യോഗം നടത്തുന്നത് ഏറെ ശ്രമകരമാണെന്നും ക്വാറം തികയാതെ യോഗം നടത്താനാവില്ലെന്നും മിനുട്‌സില്‍ പറയുന്നു. വന്‍ തുക സ്വരൂപിച്ചെങ്കിലും പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കാത്തതാണ് തിരിച്ചടിയായതെന്നും വ്യക്തമാക്കുന്നുണ്ട്. സ്വകാര്യമേഖലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്-202.3 കോടി. സ്വകാര്യ കമ്പനികളില്‍ നിന്നു ലഭിച്ചത് 26.12 കോടിയാണ്. ഏറ്റവും കുറഞ്ഞ സംഭാവന ലഭിച്ചത് വിദേശ ഇന്ത്യക്കാരില്‍ നിന്നാണ്. വെറും 3.89 കോടിയാണ് ഇവരുടെ സംഭാവന. ഏതായാലും മോദി സര്‍ക്കാര്‍ വന്‍ പ്രാധാന്യത്തോടെ നടപ്പാക്കിയ ഗംഗ ശുചീകരണ പദ്ധതിക്ക് തുകയുണ്ടായിട്ടും ചെലവാക്കിയില്ലെന്നത് മോദിയുടെ സ്വന്തം മണ്ഡലമായ വാരണാസിയിലും മറ്റും ബിജെപിക്ക് തിരിച്ചടിയാവുമെന്നാണു കണക്കുകൂട്ടല്‍.




Tags:    

Similar News