മെഡലുകള്‍ ഗംഗയിലെറിയും, മരണം വരെ നിരാഹാര സമരം നടത്തുമെന്നും ഗുസ്തി താരങ്ങള്‍
ന്യൂഡല്‍ഹി: ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം ശക്തമാക്കുന്നു. തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ ഗംഗയിലെറിയുമെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌റങ് പുനിയ എന്നിവര്‍ ട്വിറ്ററിലൂടെ അറിയിച്ചു. രാജ്യത്തിനു വേണ്ടി പൊരുതി നേടിയ മെഡലുകള്‍ ചൊവ്വാഴ്ച വൈകീട്ട് ആറിന് ഹരിദ്വാറില്‍ വച്ച് മെഡലുകള്‍ ഗംഗയിലേക്ക് എറിയുമെന്ന് താരങ്ങള്‍ അറിയിച്ചു. മെഡലുകള്‍ പവിത്രമേറിയതാണ്. അവ ഗംഗയില്‍ കളഞ്ഞ ശേഷം ജീവിച്ചിട്ട് കാര്യമില്ല. തുടര്‍ന്ന് ഇന്ത്യാ ഗേറ്റില്‍ മരണം വരെ നിരാഹാരം ഇരിക്കുമെന്നും താരങ്ങള്‍ പറഞ്ഞു. തങ്ങളെ പെണ്‍മക്കള്‍ എന്നാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. എന്നാല്‍ ഒരിക്കല്‍ പോലും അദ്ദേഹം തങ്ങളോട് കരുതല്‍ കാണിച്ചിട്ടില്ല. സമാധാനപരമായി സമരം ചെയ്തിട്ടും കുറ്റവാളികളെന്ന പോലെയാണ് പോലിസ് പെരുമാറിയത്. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്നു പിന്മാറില്ലെന്നും താരങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുമ്പോള്‍ പ്രതിഷേധവുമായെത്തിയ ഗുസ്തി താരങ്ങളെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ അടക്കം 12 ഗുസ്തി താരങ്ങള്‍ക്കെതിരെ കലാപശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. മാത്രമല്ല, ജന്തര്‍മന്തറിലെ സമരപ്പന്തല്‍ പോലിസ് പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു.