അയോധ്യയില്‍ നിര്‍മിക്കുക ബാബരിയുടെ അതേ വലുപ്പത്തിലുള്ള പള്ളി

അയോധ്യയിലെ ധനിപുര്‍ ഗ്രാമത്തില്‍ സര്‍ക്കാര്‍ നല്‍കിയ അഞ്ച് ഏക്കര്‍ പ്രദേശത്താണ് പുതിയ പള്ളി ഉയരുന്നത്. അഞ്ച് ഏക്കറില്‍ പള്ളി, ആശുപത്രി, ലൈബ്രറി, മ്യൂസിയം എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് നിര്‍മാണത്തിനായി രൂപീകരിച്ച ഇന്തോ ഇസ്‌ലാമിക് കള്‍ച്ചറല്‍ ട്രസ്റ്റ് ഭാരവാഹികള്‍ വ്യക്തമാക്കി.

Update: 2020-09-05 13:23 GMT

ലഖ്‌നൗ: ബാബരി മസ്ജിദ് ഭൂമി കേസിലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അയോധ്യയില്‍ നിര്‍മിക്കുന്ന പള്ളി ഹിന്ദുത്വര്‍ തകര്‍ത്ത ബാബരി മസ്ജിദിന്റെ  വലിപ്പത്തിലുമായിരിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍. അയോധ്യയിലെ ധനിപുര്‍ ഗ്രാമത്തില്‍ സര്‍ക്കാര്‍ നല്‍കിയ അഞ്ച് ഏക്കര്‍ പ്രദേശത്താണ് പുതിയ പള്ളി ഉയരുന്നത്. അഞ്ച് ഏക്കറില്‍ പള്ളി, ആശുപത്രി, ലൈബ്രറി, മ്യൂസിയം എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് നിര്‍മാണത്തിനായി രൂപീകരിച്ച ഇന്തോ ഇസ്‌ലാമിക് കള്‍ച്ചറല്‍ ട്രസ്റ്റ് ഭാരവാഹികള്‍ വ്യക്തമാക്കി.

15,000 സ്‌ക്വയര്‍ ഫീറ്റിലാണ് പള്ളി പണിയുക. ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലാ പ്രഫസര്‍ എസ് എം അക്തര്‍ മസ്ജിദ് നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കും. ജാമിയ മിലിയയില്‍ ആക്കിടെക്ചര്‍ വിഭാഗത്തില്‍ പ്രൊഫസറാണ് അക്തര്‍. ഇന്ത്യന്‍ ധാര്‍മികതയും ഇസ്‌ലാമിന്റെ ചൈതന്യവും ഒത്തൊരുമിക്കുന്നതായിരിക്കും പള്ളിയും ആശുപത്രിയും ലൈബ്രറിയും മ്യൂസിയവും ഉള്‍കൊള്ളുന്ന സമുച്ചയമെന്ന് അക്തര്‍ പറഞ്ഞു.

റിട്ടയേര്‍ഡ് പ്രഫസര്‍ പുഷ്‌പേഷ് പന്ത് ആയിരിക്കും മ്യൂസിയം നടത്തിപ്പിന്റെ മുഖ്യ ഉപദേഷ്ടാവെന്ന് ട്രസ്റ്റ് അധികൃതര്‍ പറഞ്ഞു. മ്യൂസിയത്തിന്റെ നിര്‍മാണം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുഷ്‌പേഷ് പന്ത് നല്‍കിയതായും ഇന്തോ ഇസ്ലാമിക് റിസര്‍ച്ച് സെന്റര്‍ സെക്രട്ടറി അത്താര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

സുപ്രിംകോടതി നിര്‍ദേശപ്രകാരമാണ് പള്ളി പണിയുന്നതിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അയോധ്യയിലെ ധന്നിപൂര്‍ ഗ്രാമത്തില്‍ അഞ്ച് ഏക്കര്‍ സ്ഥലം അനുവദിച്ചത്. നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 9ന് അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ അനുകൂലിച്ച് സുപ്രിം കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു.

Tags:    

Similar News