വെടിനിര്‍ത്തല്‍: മൊസാദ് മേധാവി വീണ്ടും ഖത്തര്‍ പ്രധാനമന്ത്രിയെ കാണും

തിരിച്ചടി ഭയന്ന് നെതന്യാഹുവും സമ്മതിച്ചു, ബന്ദികളുടെ കുടുംബങ്ങളുടെ സമ്മര്‍ദം ശക്തം

Update: 2023-12-16 07:06 GMT
ജെറുസലേം: ഗസയില്‍ യുദ്ധം അതിരൂക്ഷമാവുന്നതിനിടെ വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനും വേണ്ടി ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദിന്റെ മേധാവി വീണ്ടും ഖത്തര്‍ പ്രധാനമന്ത്രിയെ കാണുമെന്ന് റിപോര്‍ട്ട്. മൊസാദ് തലവന്‍ ഡേവിഡ് ബാര്‍ണിയ ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനിയെ ഈ വാരാന്ത്യത്തില്‍ യൂറോപ്പില്‍ കാണുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഗസയില്‍ ഹമാസ് പോരാളികള്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള കരാറിന്റെ തുടര്‍ ചര്‍ച്ചകള്‍ക്കായാണ് കൂടിക്കാഴ്ച നടത്തുന്നത്.

    നേരത്തേ, ഖത്തറിന്റെ നിര്‍ദേശത്തെ തുടര്‍ന്നുള്ള മൊസാദ് മേധാവിയുടെ സന്ദര്‍ശനത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുദ്ധ കാബിനറ്റിലെ മറ്റ് അംഗങ്ങളും എതിര്‍ത്തിരുന്നെങ്കിലും ആഭ്യന്തരതലത്തിലുള്ള തിരിച്ചടി ഭയന്ന് ഇത്തവണ സമ്മതിച്ചതായും ജെറുസലേം പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. മൊസാദ് തലവനെ ഖത്തര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ നെതന്യാഹു അനുമതി നല്‍കുകയായിരുന്നു.

    നേരത്തേ ഒക്ടോബര്‍ ഏഴിനു ശേഷം ഖത്തറിന്റെയും ഈജിപ്തിന്റെയും അമേരിക്കയുടെയും മധ്യസ്ഥതയില്‍ ഒരാഴ്ച നീണ്ടുനിന്ന വെടിനിര്‍ത്തല്‍ കരാര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതനുസരിച്ച് നാലുദിവസം വെടിനിര്‍ത്തുകയും ഇരുപക്ഷത്തും തടവിലുള്ളവരില്‍ ചിലരെ കൈമാറുകയും ചെയ്തിരുന്നു. രണ്ടുദിവസം കൂടി വെടിനിര്‍ത്തല്‍ നീട്ടിയെങ്കിലും പിന്നീട് യുദ്ധം പുനരാരംഭിച്ചു. ഇതിനുശേഷം ഇതാദ്യമായാണ് ഇസ്രായേലിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും ഖത്തര്‍ ഉദ്യോഗസ്ഥനും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നത്. ബന്ദികളുടെ കുടുംബങ്ങള്‍ ഇസ്രായേല്‍ ഭരണകൂടത്തിനു മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറായതെന്നാണ് സൂചന. നേരത്തേ വെടിനിര്‍ത്തല്‍ ലംഘിച്ചതിന് ഹമാസും ഇസ്രായേലും പരസ്പരം കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് വീണ്ടും ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചത്. ഹമാസ് ആവട്ടെ കരയുദ്ധത്തില്‍ ശക്തമായ തിരിച്ചടി നല്‍കുന്നതിനോടൊപ്പം ഇസ്രായേല്‍ പ്രദേശത്തേക്ക് റോക്കറ്റ് വിക്ഷേപണം തുടര്‍ന്നുകൊണ്ടേരിയിരുന്നു. ഇസ്രായേല്‍ ഒരുകൂട്ടം സ്ത്രീകളെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഹമാസ് നിരസിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍, ഇസ്രായേല്‍ ആവശ്യപ്പെട്ട സ്ത്രീകള്‍ സൈനികരാണെന്നാണ് ഹമാസ് പറയുന്നത്.

    ഇതിനിടെ, ഹമാസുമായി പരോക്ഷ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന്റെ സാധ്യത തേടി ഖത്തറി മധ്യസ്ഥര്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥരുമായി കഴിഞ്ഞയാഴ്ച നടത്തിയതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. സ്ത്രീകളെയും ഗുരുതരമായി പരിക്കേറ്റവരെയും ആരോഗ്യപ്രശ്‌നങ്ങളുള്ളവരെയും പ്രായമായ പുരുഷന്മാരെയും മറ്റും മോചിപ്പിക്കാന്‍ അനുവദിക്കുന്ന ഒരു കരാറിന് സമ്മതിക്കുമോ എന്ന് മധ്യസ്ഥരോട് ഇസ്രായേലി ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ ചോദിച്ചതായി റിപോര്‍ട്ടുണ്ട്. ചര്‍ച്ചയെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ക്കുകയായിരുന്നു. ഹമാസാവട്ടെ അധിനിവേശം അവസാനിപ്പിക്കാതെയും വെടിനിര്‍ത്താതെയും ബന്ദികളെ മോചിപ്പിക്കുന്ന പ്രശ്‌നമില്ലെന്നുമുള്ള നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഇതിനിടെയാണ് മൊസാദ് തലവന്‍ യൂറോപില്‍ വച്ച് ഖത്തര്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ ഭാഗമായി നിരവധി പേരെ മോചിപ്പിച്ചതിന് ശേഷവും ഹമാസിന്റെ കൈവശം 130 ലേറെ ബന്ദികളാണുള്ളത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി ബന്ദികള്‍ കൊല്ലപ്പെട്ടതായും റിപോര്‍ട്ടുണ്ട്. മാത്രമല്ല, ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവയ്പില്‍ മൂന്ന് ഇസ്രായേലി പൗരന്‍മാര്‍ കൊല്ലപ്പെട്ടെന്ന് സൈന്യം തന്നെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News