ബന്ദി മോചനം: സിഐഎ, മൊസാദ് മേധാവികള്‍ ഖത്തര്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി

Update: 2023-12-18 17:01 GMT

വാര്‍സോ: ഗസയില്‍ ഹമാസ് പോരാളികള്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനു വേണ്ടി സിഐഎ, മൊസാദ് മേധാവികള്‍ ഖത്തര്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. പോളണ്ട് തലസ്ഥാനമായ വാര്‍സോയിലാണ് തിങ്കളാഴ്ച മൊസാദ് മേധാവി ഡേവിഡ് ബാര്‍ണിയ, സിഐഎ ഡയറക്ടര്‍ ബില്‍ ബേണ്‍സ്, ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ഇസ്രായേല്‍ പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഹമാസുമായി പുതിയ ബന്ദി മോചന കരാറിനെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ച നടത്തിയത്. വെള്ളിയാഴ്ച രാത്രി നോര്‍വേയില്‍ വച്ച് അല്‍ താനിയുമായി ബാര്‍ണിയ കൂടിക്കാഴ്ച നടത്തിയതായി നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു. ചര്‍ച്ചകള്‍ ദീര്‍ഘവും സങ്കീര്‍ണവും മുമ്പത്തേതിനേക്കാള്‍ ബുദ്ധിമുട്ടുള്ളതുമായിരിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. നവംബര്‍ അവസാനത്തോടെ വെടിനിര്‍ത്തല്‍ നടപ്പാക്കിയപ്പോള്‍ ഗസയിലെ ഹമാസിന്റെ തടവില്‍ നിന്ന് 105 പേരെ മോചിപ്പിച്ചപ്പോഴും പ്രധാന മധ്യസ്ഥര്‍ ഖത്തറായിരുന്നു. 81 ഇസ്രായേലികളെയും 23 തായ് പൗരന്മാരെയും ഒരു ഫിലിപ്പിനോയെയുമാണ് മോചിപ്പിച്ചിരുന്നത്. ഇതിനു പകരമായി 240 ഫലസ്തീനികളെ ജയിലില്‍നിന്ന് വിട്ടയക്കുകയും ചെയ്തിരുന്നു. നിലവില്‍ 129 ബന്ദികള്‍ ഗസയില്‍ അവശേഷിക്കുന്നുണ്ടെന്നാണ് കരുതുന്നത്. ആദ്യ കരാറിനു മുമ്പ് നാല് ബന്ദികളെ വിട്ടയച്ചിരുന്നു. എട്ട് ബന്ദികളുടെ മൃതദേഹങ്ങളും കണ്ടെടുത്തിരുന്നു. വെള്ളിയാഴ്ച ഇസ്രായേല്‍ സൈന്യം മൂന്ന് ഇസ്രായേല്‍ ബന്ദികളെ വെിടവച്ചു കൊന്നതായി വെളിപ്പെടുത്തിയിരുന്നു. അബദ്ധത്തിലുണ്ടായ വെടിവയ്പിലാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടതെന്നായിരുന്നു ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ വിശദീകരണം. എന്നാല്‍, സ്വന്തം പൗരന്‍മാരെ തന്നെ വെടിവച്ചു കൊലപ്പെടുത്തിയത് ഇസ്രായേലില്‍ വന്‍ രോഷത്തിനും പ്രതിഷേധത്തിനും കാരണമാക്കിയിരുന്നു. ബന്ദികളുടെ കുടുംബങ്ങളില്‍ നിന്ന് സമ്മര്‍ദം ശക്തമാവുകയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്കു മുന്നില്‍ പ്രതിഷേധക്കാരെത്തുകയും ചെയ്തത് വന്‍ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഇതോടെയാണ് ബന്ദി മോചനത്തിനു വേണ്ടി ഇസ്രായേല്‍, അമേരിക്കന്‍ ചാരസംഘടനകളായ മൊസാദും സി ഐഎയും ഖത്തര്‍ ഭരണാധികാരിയുമായി ചര്‍ച്ച വീണ്ടും ശക്തമാക്കിയത്. ഹമാസിന്റെ കൈവശമുള്ളവരില്‍ 20 പേരുടെ മരണം ഇസ്രായേല്‍ സേന സ്ഥിരീകരിച്ചതായും റിപോര്‍ട്ടുകളുണ്ട്.

    അതിനിടെ, ശനിയാഴ്ച വൈകീട്ടോടെ ഈജിപ്ഷ്യന്‍, ഖത്തര്‍ ഉദ്യോഗസ്ഥര്‍ ഹമാസിന് പുതിയ കരാര്‍ വാഗ്ദാനം ചെയ്തതായി കാന്‍ ന്യൂസ് റിപോര്‍ട്ട് ചെയ്തു. മുതിര്‍ന്ന ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി പ്രായമായവരെയും രോഗികളായ പുരുഷന്മാരെയും ശേഷിക്കുന്ന സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, ഇസ്രയേലുമായി കൂടിയാലോചിച്ച ശേഷമാണോ ഈ വാഗ്ദാനം നല്‍കിയതെന്ന് വ്യക്തമല്ല. ഈ നിര്‍ദേശത്തോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് കാന്‍ ന്യൂസ് പറയുന്നത്. ബന്ദി മോചനവും വെടിനിര്‍ത്തലും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഹമാസ് ഈയിടെ നിലപാട് കടുപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ മോചിപ്പിക്കുന്നതിനു പകരം യുദ്ധം അവസാനിപ്പക്കണമെന്ന വിധത്തിലേക്കാണ് ഹമാസ് മുന്നോട്ടുപോവുന്നത്. നമ്മുടെ ജനതയ്‌ക്കെതിരായ ആക്രമണം എന്നെന്നേക്കുമായി അവസാനിപ്പിച്ചില്ലെങ്കില്‍ മറ്റൊരു കരാറിന് സമ്മതിക്കില്ലെന്ന് ഹമാസ് കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. വീണ്ടും കരാര്‍ നടപ്പാക്കിയാല്‍ ഏതൊക്കെ ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസ് തീരുമാനിക്കും. ഇസ്രായേല്‍ അല്ല, തങ്ങളാണ് തീരുമാനിക്കുക. ഇസ്രായേല്‍ സൈന്യം പ്രീസെറ്റ് ലൈനുകളിലേക്ക് പിന്‍വാങ്ങണമെന്ന് ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു. ആദ്യത്തെ ഉടമ്പടി അംഗീകരിക്കാന്‍ തയ്യാറായ ഇസ്രായേല്‍ പിന്‍വാങ്ങല്‍ നിരസിച്ചെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു.

Tags:    

Similar News