സൗദിയില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കില്ല; പകരം പ്രധാനമന്ത്രിയെത്തും

ഏകദേശം രണ്ടു വര്‍ഷം മുമ്പ് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയതിനു ശേഷം നടക്കുന്ന ആദ്യ ഉന്നതതല ഉച്ചകോടിയാണിത്.

Update: 2019-05-30 09:39 GMT

ദോഹ: മക്കയില്‍ ഈയാഴ്ചാവസാനം നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ പ്രധാനമന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി പങ്കെടുക്കും. ഏകദേശം രണ്ടു വര്‍ഷം മുമ്പ് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയതിനു ശേഷം നടക്കുന്ന ആദ്യ ഉന്നതതല ഉച്ചകോടിയാണിത്.

സൗദി അറേബ്യ, യുഎഇ, ബഹ്‌റെയ്ന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ഷെയ്ഖ് അബ്ദുല്ല ചര്‍ച്ച നടത്തും. യോഗത്തില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനിയെ ക്ഷണിച്ച് സൗദി രാജാവ്‌ സല്‍മാന്‍ കത്തെഴുതിയിരുന്നെങ്കിലും ത്രിദിന സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാനുമായുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയിലെ സുരക്ഷാ പ്രശ്‌നങ്ങളാവും ഉച്ചകോടി പ്രധാനമായും ചര്‍ച്ച ചെയ്യുക. യോഗത്തില്‍ ഖത്തര്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി നയതന്ത്ര പ്രതിനിധികളടങ്ങുന്ന വിമാനം തിങ്കളാഴ്ച സൗദിയില്‍ ഇറങ്ങിയിരുന്നു. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഖത്തര്‍ വിമാനം സൗദിയിലിറങ്ങിയത്. ഉപരോധത്തെ തുടര്‍ന്ന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഖത്തറിന് മുന്നില്‍ വ്യോമപാത അടച്ചിരുന്നു.

ഇറാന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഖത്തറിനെതിരായി നിലനില്‍ക്കുന്ന ഉപരോധം അവസാനിപ്പിക്കണമെന്ന് മറ്റ് ജിസിസി രാഷ്ട്രങ്ങളോട് യുഎസ് ആവശ്യപ്പെട്ടിരുന്നു. ഈജിപ്തിലെ ഇസ്‌ലാമിക സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡിനോടും ഇറാനോടും ഖത്തര്‍ ബന്ധം പുലര്‍ത്തുന്നുവെന്നും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നുമാരോപിച്ചായിരുന്നു ഉപരോധം.

ഉപരോധ കാലത്ത് ഖത്തര്‍ കൂടുതല്‍ ഇറാനോട് അടുക്കുകയാണ് എന്ന വിലയിരുത്തലും അമേരിക്കയ്ക്കുണ്ട്. ഈ സാഹചര്യത്തില്‍ ഇറാനെതിരെ സമ്മര്‍ദ്ദം ചെലുത്താന്‍ അമേരിക്കയ്ക്ക് അറബ് ഐക്യം ആവശ്യമാണ്. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സഖ്യകക്ഷി സൗദിയാണെങ്കിലും യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ മേഖലയിലെ പ്രധാന സൈനിക കേന്ദ്രമായ അല്‍ ഉദൈദ് എയര്‍ബേസ് ഖത്തറിലാണ് സ്ഥിതി ചെയ്യുന്നത്.

2017 ജൂണിലാണ് സൗദി, ഈജിപ്ത്, ബഹ്‌റെയ്ന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചത്. തുടര്‍ന്ന് കര, കടല്‍, വ്യോമ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.

Tags:    

Similar News