അബൂദബിയില്‍ ഇസ്രായേലിലെ ജൂത റബ്ബിയെ കാണാതായതായി റിപോര്‍ട്ട്
ഇയാള്‍ മുന്‍ സൈനികനുമാണ്
തെല്‍അവീവ്: യുഎഇയിലെ അബൂദബിയില്‍ ജൂത റബ്ബിയെ കാണാതായതായി റിപോര്‍ട്ട്. ഇസ്രായേലി-മൊളഡോവന്‍ പൗരനായ സി കോഗനെയാണ് കാണാതായിരിക്കുന്നത്. ഇയാളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ കൊലപ്പെടുത്തിയതാണോ എന്ന കാര്യത്തില്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് അന്വേഷണം ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ജൂതരിലെ കബാദ് വിഭാഗത്തിന്റെ പ്രതിനിധി കൂടിയാണ് ഇയാള്‍.
കഴിഞ്ഞ വ്യാഴാഴ്ച്ചക്ക് ശേഷം ഇയാളുടെ ഒരു വിവരവും ലഭ്യമല്ലെന്ന് കുടുംബം ഇസ്രായേലി സര്‍ക്കാരിനെ അറിയിച്ചു. നേരത്തെ ഇസ്രായേലി സൈന്യത്തില്‍ അധിനിവേശ പ്രവര്‍ത്തനങ്ങള്‍ പങ്കെടുത്തിരുന്ന ഇയാള്‍ക്ക് ദുബൈയില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റും സ്വന്തമായുണ്ട്. അമേരിക്കന്‍ പൗരയായ ഒരു യുവതിയാണ് ഇയാളുടെ ഭാര്യ. അവരും അബൂദബിയിലാണ് താമസം. ഇറാന്‍ ഇയാളെ ലക്ഷ്യമിട്ടിരുന്നതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. അതിശക്തമായ പോലിസ് സംവിധാനങ്ങളും നിരീക്ഷണ കാമറ സംവിധാനങ്ങളും ഉണ്ടായിട്ടും ഇയാളെ കുറിച്ച് യാതൊരു വിധ വിവരവും യുഎഇ പോലിസിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം.
2020ല്‍ ഇസ്രായേലിനെ യുഎഇ അംഗീകരിച്ച ശേഷമാണ് ഇയാള്‍ അവിടെയെത്തിയത്. ജൂതരെ കുറിച്ചുള്ള 'തെറ്റിധാരണകള്‍' മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇയാള്‍ യുഎഇയില്‍ പ്രധാനമായും നടത്തിയിരുന്നതെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.ജൂത മതാചാര പ്രകാരമുള്ള ഹോട്ടലുകള്‍ക്ക് യുഎഇയില്‍ പ്രചാരണം നല്‍കലും ഇയാളുടെ ചുമതലയായിരുന്നു.
2021ല്‍ യുഎഇയില്‍ നടന്ന ഹോളോകോസ്റ്റ് അനുസ്മരണ പരിപാടിയില്‍ ഇയാള്‍ പങ്കെടുത്തിരുന്നു. യുഎഇയിലെ മുഖ്യ ജൂത റബ്ബി ലെവി ഡക്ക്മാന്റെ സഹായിയും കൂടിയാണ് ഇയാള്‍. 2020ല്‍ യുഎസിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളുമായി ഇസ്രായേലുമായി യുഎഇ ബന്ധം സ്ഥാപിച്ചിരുന്നു.