ബഹുഭൂരിപക്ഷം വിദ്വേഷ പ്രസംഗങ്ങളും ന്യൂനപക്ഷങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കുമെതിരെ: സുപ്രിംകോടതി ജഡ്ജി അഭയ് എസ് ഓക്ക

Update: 2025-04-06 08:26 GMT
ബഹുഭൂരിപക്ഷം വിദ്വേഷ പ്രസംഗങ്ങളും ന്യൂനപക്ഷങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കുമെതിരെ: സുപ്രിംകോടതി ജഡ്ജി അഭയ് എസ് ഓക്ക

ന്യൂഡല്‍ഹി: ഇന്ത്യയിലെ ബഹുഭൂരിപക്ഷം വിദ്വേഷ പ്രസംഗങ്ങളും മതന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ പോലെയുള്ള അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കും എതിരെയാണെന്ന് സുപ്രിംകോടതി ജഡ്ജി അഭയ് എസ് ഓക്ക. ന്യൂയോര്‍ക്കിലെ കൊളംബിയ ലോ സ്‌കൂളിലെ വിദ്യാര്‍ഥികളുമായി ഓണ്‍ലൈനില്‍ സംസാരിക്കുമ്പോഴാണ് ജഡ്ജി ഇങ്ങനെ പറഞ്ഞത്.

''ഭരണഘടനയുടെ 75ാം വാര്‍ഷികം കഴിഞ്ഞ ജനുവരി 26ന് ഞങ്ങള്‍ ആഘോഷിച്ചു. 75 വര്‍ഷത്തിന് ശേഷവും വിദ്വേഷപ്രസംഗങ്ങള്‍ തുടരുകയാണ്. കോടതിക്ക് മുന്നില്‍ വരുന്ന കേസുകള്‍ നോക്കുകയാണെങ്കില്‍, അവയില്‍ ബഹുഭൂരിപക്ഷവും മതന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ പോലെയുള്ള അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കും എതിരാണ്. അടിത്തട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ കോളിന്‍ ഗോണ്‍സാല്‍വസിനെ പോലുള്ളവര്‍ക്ക് കൃത്യമായി പറയാനാവും(പരിപാടിയില്‍ സംസാരിക്കാനുള്ള സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകനാണ് കോളിന്‍ ഗോണ്‍സാല്‍വസ്). ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗങ്ങള്‍ നടക്കുന്നുണ്ട്. ഭൂരിപക്ഷ സമുദായ അംഗങ്ങളെ ഒരു മതന്യൂനപക്ഷത്തെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രസംഗങ്ങളും നടക്കുന്നുണ്ട്.

ഒരു പ്രസംഗം കുറ്റകൃത്യമായി മാറുമോ എന്നതിലെ ശിക്ഷാപരമായ ഭാഗം മാറ്റിവെച്ചു നോക്കിയാലും ഇത്തരം പ്രസംഗങ്ങള്‍ സാമൂഹിക ഐക്യത്തെ തകര്‍ക്കുന്ന കാര്യം ആക്ടിവിസ്റ്റുകള്‍ക്കും ഇന്ത്യയിലെ വിദ്വേഷ പ്രസംഗത്തിന്റെ രീതി വളരെ പഠിക്കുന്നവര്‍ക്കും മനസിലാക്കാന്‍ കഴിയും. വിദ്വേഷ പ്രസംഗങ്ങള്‍ക്ക് രാഷ്ട്രീയ കാരണങ്ങളും ഉണ്ടെന്ന് അവര്‍ക്ക് നിങ്ങളോട് പറയാന്‍ കഴിയും.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാനും വോട്ട് നേടാനും ചില രാഷ്ട്രീയ നേതാക്കള്‍ വിദ്വേഷ പ്രസംഗങ്ങളില്‍ മുഴുകുന്നുണ്ടാകാം. ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയക്കാര്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഉപയോഗിക്കുന്നത് ആശങ്കാജനകമാണ്. അത് പഠിക്കേണ്ട വിഷയമാണ്. അതേസമയം, എല്ലാ പ്രസംഗങ്ങളെയും വ്യക്തികളുടെ ധാരണകളുടെ അടിസ്ഥാനത്തില്‍ മാത്രം വിദ്വേഷപ്രസംഗങ്ങളായി കാണാനാവില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും എതിരെ നില്‍ക്കാനും കോടതികള്‍ക്ക് കഴിയില്ല.

ഒന്നോ രണ്ടോ വ്യക്തികളോ മൂന്നോ നാലോ വ്യക്തികളോ ഒരു കൂട്ടം ആളുകളോ ഒരു പ്രസംഗം വിദ്വേഷ പ്രസംഗം ആണെന്ന് പറഞ്ഞാല്‍ അത് വിദ്വേഷ പ്രസംഗമാവില്ല. ഒരു പ്രസംഗം വിദ്വേഷ പ്രസംഗം എങ്ങനെയാണ് ആവുക എന്ന് നോക്കാന്‍ വഴികളുണ്ട്, കോടതി വിധികളുണ്ട്. വ്യക്തിപരമായ തോന്നലുകളുടെ അടിസ്ഥാനത്തില്‍ പ്രസംഗങ്ങളെ വിദ്വേഷ പ്രസംഗമാണെന്ന് മുദ്രകുത്താന്‍ തുടങ്ങിയാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ഉള്ള മൗലിക അവകാശത്തില്‍ വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരും.

അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഇല്ലെങ്കില്‍ കലയ്ക്കും സാഹിത്യത്തിനും പ്രോത്സാഹനമില്ല. കോണ്‍ഗ്രസ് രാജ്യസഭാ എംപി ഇമ്രാന്‍ പ്രതാപ്ഗഡിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയുടെ കേസില്‍ സുപ്രിംകോടതി സുപ്രധാനമായ ഒരു വിധി പുറപ്പെടുവിച്ചിട്ടുണ്ട്. കല, ആക്ഷേപഹാസ്യം, സ്റ്റാന്‍ഡ്അപ്പ് കോമഡി എന്നിവയുടെ മറ്റ് വിവിധ വശങ്ങളെക്കുറിച്ചും അതില്‍ പറഞ്ഞിട്ടുണ്ട്. അവയെ ഒഴിവാക്കിയാല്‍ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഇല്ലാതാവും.

അതിനാല്‍, വിദ്വേഷ പ്രസംഗങ്ങള്‍ സംബന്ധിച്ച കേസുകള്‍ വ്യാഖ്യാനിക്കുമ്പോള്‍ സന്തുലനാവസ്ഥ കൈവരിക്കാന്‍ കോടതികള്‍ ശ്രമിച്ചിട്ടുണ്ട്. ഐപിസി സെക്ഷന്‍ 153 എ പ്രകാരമുള്ള കേസുകളില്‍ കുറ്റം ചെയ്തിട്ടുണ്ടോ എന്നറിയാന്‍ രീതികളുണ്ട്. പ്രസംഗത്തിന്റെയോ എഴുതിയ വാക്കുകളുടെയോ ഭാവങ്ങളുടെയോ ദൃശ്യ അടയാളങ്ങളുടെയോ ഫലം എന്താണെന്ന് പരിഗണിക്കേണ്ടതുണ്ട്. ധീരരായ വ്യക്തികള്‍ അവയെ എങ്ങനെ പരിഗണിക്കുന്നു എന്നാണ് കോടതികള്‍ നോക്കുക. ദുര്‍ബലരായ, ചാഞ്ചാട്ടമുള്ള വ്യക്തികള്‍ നോക്കുന്നത് പോലെ അല്ല അതിനെ നോക്കുക. മാനസികമായി അരക്ഷിതാവസ്ഥ അനുഭവിക്കുന്നവരുടെയോ വിമര്‍ശനം മൂലം അധികാരം നഷ്ടമാവുമെന്നു കരുതുന്നുവരുടെയോ നിലവാരം അനുസരിച്ച് കോടതികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

ഒരു പ്രത്യേക പ്രസംഗം വളരെ ദുര്‍ബലനും (ചാഞ്ചാട്ട മനസ്സുള്ളവനുമായ) ഒരാളെ ബാധിക്കുന്നതിനാല്‍ അതിനെ വിദ്വേഷ പ്രസംഗം എന്ന് പറഞ്ഞാല്‍, വിദ്വേഷ പ്രസംഗത്തിന്റെ പരിധി അനാവശ്യമായി വലുതാവും. അതായത് എന്തു പറയുന്നതും വിദ്വേഷ പ്രസംഗമാവാം. അത് ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തും. അതിനാല്‍ ഒരു സന്തുലനാവസ്ഥ വേണം.

ജനാധിപത്യ സംവിധാനത്തില്‍ വിയോജിപ്പും വളരെ നിര്‍ണായകമാണ്. നമ്മുടെ സ്വന്തം കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാനുള്ള അവകാശത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ വിയോജിപ്പ് പറയാനുള്ള മറ്റുള്ളവരുടെ അവകാശവും പ്രധാനമാണ്. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. തനിക്ക് ശരിയല്ലെന്ന് തോന്നിയ ഒരു കാര്യം സമൂഹത്തിലുണ്ടാവുകയാണെങ്കില്‍ പ്രതിഷേധിക്കാന്‍ അയാള്‍ക്ക് അവകാശമുണ്ട്. എന്നാല്‍, പ്രതിഷേധവും വിയോജിപ്പും ഭരണഘടനാ രീതികളിലൂടെ ആയിരിക്കണം. വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം മാന്യമായ ജീവിതത്തിന്റെ ഭാഗമാണ്. ഒരു സര്‍ക്കാര്‍ നയം പൂര്‍ണ്ണമായും തെറ്റാണെന്ന് തോന്നുന്നുവെങ്കില്‍, അത് സാധാരണക്കാരന്റെ താല്‍പ്പര്യത്തിന് വിരുദ്ധമാണെങ്കില്‍, പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടായിരിക്കണം. അല്ലെങ്കില്‍, ജീവിതം അര്‍ത്ഥശൂന്യമാണ്. അതിനാല്‍, വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ മറ്റ് അവകാശങ്ങളുമായി അതിനെ തുല്യമാക്കേണ്ടതുണ്ട്.

ഇന്ത്യയില്‍ വിദ്യാര്‍ഥികള്‍ക്ക് അസോസിയേഷനുകളോ യൂണിയനുകളോ രൂപീകരിക്കാന്‍ അനുവാദമുള്ള സര്‍വകലാശാലകളുണ്ടെന്നും ഇത് പരാതികള്‍ പ്രകടിപ്പിക്കാന്‍ അവരെ പ്രാപ്തരാക്കുമെന്നും ജസ്റ്റിസ് ഓക്ക പറഞ്ഞു. നിയമത്തിന്റെ നാല് കോണുകള്‍ക്കുള്ളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സ്വന്തം നിലപാട് പ്രകടിപ്പിക്കാന്‍ അനുവദിക്കുകയും അനീതികള്‍ക്കെതിരേ പ്രതിഷേധിക്കാന്‍ അനുവദിക്കുകയും ചെയ്യേണ്ടത് സര്‍വകലാശാലകളെ സംബന്ധിച്ചിടത്തോളം പ്രധാനമായ കാര്യമാണ്.

വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് യഥാര്‍ത്ഥ വെല്ലുവിളി. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഉത്തരവുകളിലൂടെ അവയെ തടയാന്‍ കോടതികള്‍ക്ക് അതിന്റേതായ പരിമിതികളുണ്ടാവുമെന്നും ജസ്റ്റിസ് അഭയ് എസ് ഓക്ക പറഞ്ഞു.

Similar News