പച്ചക്ക് കൈക്കൂലി വാങ്ങി മോട്ടോര്‍ വാഹന വകുപ്പ്: വിവിധ ഓഫിസുകളില്‍ നിന്ന് കണ്ടെത്തിയത് കണക്കില്ലാത്ത പണം

ആര്‍ടിഒ ഏജന്റുമാരില്‍ നിന്നും അപേക്ഷകരില്‍ നിന്നും കൈക്കൂലിയായി വാങ്ങിയ പണമാണ് ഇതെന്ന് വിജിലന്‍സ് പരിശോധനയില്‍ തെളിഞ്ഞതായി പറയുന്നു

Update: 2021-11-27 01:50 GMT

കോഴിക്കോട്: രേഖകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും സംസ്ഥാന വാഹന വകുപ്പില്‍ നിന്ന് ലൈസന്‍സ്, ആര്‍സി തുടങ്ങിയ പ്രമാണങ്ങള്‍ നേരത്തിന് ലഭിക്കണമെങ്കില്‍ പച്ചക്ക് കൈക്കൂലി കൊടുക്കേണ്ട ഗതികേട്. പരിവാഹന്‍ സോഫ്റ്റ് വെയറിലൂടെ ആര്‍ക്കും എവിടെവച്ചും ലൈസന്‍സ് എടുക്കാമെന്നും സ്വന്തമായി തന്നെ അപേക്ഷ സമര്‍പ്പിക്കാമെന്നുമിരിക്കെ ഇത്തരത്തില്‍ ഏന്റുമാരുടെ കൈക്കളില്ലാതെ വരുന്ന അപേക്ഷകരെ വട്ടം കറക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പതിവ്. ഇന്നലെ സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍ പെടാത്ത പണം കണ്ടെത്തിയത് പുതിയ സംഭവമല്ല. നിത്യേന എംവിഡി ഓഫിസുകളില്‍ നടക്കുന്ന പണം പിടുങ്ങലിന്റെ ഉദാഹരണം മാത്രമാണ് ഇന്നലത്തേത്. ഓപ്പറേഷന്‍ സ്പീഡ് ചെക്ക് എന്ന പേരില്‍ വിജിലന്‍സ് വിവിധ ഓഫിസുകളില്‍ നടത്തിയ പരിശോധനയിലാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്. ആര്‍ടിഒ ഏജന്റുമാരില്‍ നിന്നും അപേക്ഷകരില്‍ നിന്നും കൈക്കൂലിയായി വാങ്ങിയ പണമാണ് ഇതെന്ന് വിജിലന്‍സ് പരിശോധനയില്‍ തെളിഞ്ഞതായി വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ പറയുന്നു.ഇന്നലെ വൈകിട്ട് നാലരയോടെയാണ് വിവിധ ഓഫിസുകളില്‍ മിന്നല്‍ പരിശോധന നടന്നത്. കണക്കില്‍ പെടാത്ത പണം വിജിലന്‍സ് കൂടുതലും പിടിച്ചെടുത്തത് ഇടുക്കി ജില്ലയിലെ ആര്‍ടിഒ ഓഫിസുകളില്‍ നിന്നാണ്. പീരുമെട് ആര്‍ടിഒ ഓഫിസില്‍ നിന്ന് 60,000 രൂപയും അടിമാലിയില്‍ നിന്ന് 58,000 രൂപയും കണക്കില്‍പ്പെടാത്തത് കണ്ടെത്തി. ഇടുക്കിയില്‍ നിന്ന് 16000 രൂപയും കണ്ടെടുത്തു. തൊടുപുഴയിലും പരിശോധന നടന്നു. വിജിലന്‍സ് പരിശോധന കഴിഞ്ഞതിനു പിന്നാലെ അടിമാലിയിലെ മോട്ടോര്‍ വാഹന വകുപ്പ് ഓഫിസിന് മുന്നില്‍ നാട്ടുകാരുടേ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.


ഇവിടെ നിന്ന് കണക്കില്‍ പെടാത്ത 58000 രൂപ പിടി കൂടിയതറിഞ്ഞാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചത്. മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുടെ അഴിമതി പുറത്തായെന്നും നാട്ടുകാര്‍ പറഞ്ഞു. മലപ്പുറം , കോഴിക്കോട് ആര്‍ടിഒ ഓഫിസുകളില്‍ നടക്കുന്ന കൈകക്കൂലിയും ഏജന്റുമാരുടെ ഇടപെടലുകളും നിരവധി തവണ വാര്‍ത്തയായതാണ്. സംസ്ഥാനത്തെ മോട്ടോര്‍ ചെക്‌പോസ്റ്റുകളില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ കൂടുതലാണെന്ന റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിരുന്നു. ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കിയത്. ഭൂരിഭാഗം ഉദ്യോഗസ്ഥരും അച്ചടക്ക നടപടികള്‍ നേരിടുന്നതിനാല്‍ ചെക്‌പോസ്റ്റുകളില്‍ നിയമിക്കാന്‍ കഴിയില്ലെന്നാണ് ഗതാഗതകമ്മിഷണര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.ഈ സാഹചര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്‍ര് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കൂടി ചെക്‌പോസ്റ്റുകളില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ചെക്‌പോസ്റ്റുപോസ്റ്റുകളില്‍ അഴിമതി നടത്തിയതിന് 27 ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ചെക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും അഴിമതി മുക്തമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്. ചെക്‌പോസ്റ്റുകളില്‍ സത്യസന്ധരായ ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന നിര്‍ദേശം സര്‍ക്കാര്‍ ഗതാഗത കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പിലാണ് ഏറ്റവും പ്രത്യക്ഷമായ തോതില്‍ ഇപ്പോഴും അഴിമതിയും കൈക്കൂലിയും നിലനില്‍ക്കുന്നത്. ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ എന്നീ ആവശ്യങ്ങളുമായി എത്തുന്ന സാധാരണക്കാരെയാണ് ഇവര്‍ പിഴിയുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എല്ലാ പ്രമാണങ്ങളും ശരിയാണെങ്കിലും കൈക്കൂലി ഏജന്റ് വഴി നല്‍കിയില്ലെങ്കില്‍ ലൈസന്‍സോ, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിപിക്കറ്റൊ, പുതുക്കലോ സാധിക്കാത്ത അവസ്ഥയാണ്. സംസ്ഥാനത്തെ മുഴുവന്‍ ആടിഒ ഓസികളുടെയും അവസ്ഥ ഇതാണ്.

Tags:    

Similar News