കശ്മീർ ഫയൽസല്ല; ഇന്ത്യയുടെ ഓസ്‍കർ എൻട്രിയായി ചെല്ലോ ഷോ
ശ്യാം സിൻഹ റോയ്, കശ്മീർ ഫയൽസ്, ആർആർആർ, മലയൻകുഞ്ഞ് എന്നീ സിനിമകളെ പിന്തള്ളിയാണ് ചെല്ലോ ഷോ ഓസ്കറിലേക്ക് എത്തുന്നത്.
ന്യൂഡൽഹി: ഓസ്‌കറിനുളള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഗുജറാത്തി സിനിമ 'ചെല്ലോ ഷോ' തിരഞ്ഞെടുത്തു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. പാൻ നളിൻ സംവിധാനം ചെയ്ത ചെല്ലോ ഷോ അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഒക്ടോബർ 14ന് റിലീസ് ചെയ്യാനിരിക്കെയാണ് പ്രഖ്യാപനം.
ശ്യാം സിൻഹ റോയ്, കശ്മീർ ഫയൽസ്, ആർആർആർ, മലയൻകുഞ്ഞ് എന്നീ സിനിമകളെ പിന്തള്ളിയാണ് ചെല്ലോ ഷോ ഓസ്കറിലേക്ക് എത്തുന്നത്. ഭവിൻ റബാരി, ഭവേഷ് ശ്രീമാലി, റിച്ച മീന, ദിപെൻ റാവൽ, പരേഷ് മേത്ത തുടങ്ങിയരാണ് ചെല്ലോ ഷോയിലെ അഭിനേതാക്കൾ. സിദ്ധാർത്ഥ് റോയ് കപൂറിന്റെ ബാനറിൽ റോയ് കപൂർ ഫിലിംസ് ആണ് അവതരിപ്പിക്കുന്നത്.
സംവിധായകന്റെ സ്വന്തം ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയതാണ് ചെല്ലോ ഷോ. ഒമ്പത് വയസ്സുകാരനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നേറുന്നത്.