ഹുമായൂണ്‍ ചക്രവര്‍ത്തിയുടെ സ്മൃതികുടീരം പരിശോധിച്ച് വിശ്വ ഹിന്ദുപരിഷത്ത് നേതാക്കള്‍; സഫ്ദര്‍ ജംഗ് സമൃതികുടീരവും പരിശോധിക്കുമെന്ന്

ന്യൂഡല്‍ഹി: മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബിന്റെ ഖബര്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വര്‍ നീക്കങ്ങള്‍ ശക്തമാക്കിയതിന് പിന്നാലെ ഹുമായൂണ്‍ ചക്രവര്‍ത്തിയുടെ ഡല്‍ഹിയിലെ സ്മൃതികുടീരം പരിശോധിച്ച് വിശ്വ ഹിന്ദുപരിഷത്ത് നേതാക്കള്‍. ഡല്‍ഹിയിലെ സമൃതികുടീരമാണ് ഇന്നലെ വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ സന്ദര്‍ശിച്ചത്. സ്മൃതികുടീരത്തിന്റെ ചരിത്രം പഠിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് വിഎച്ച്പി നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. വിഎച്ച്പി ഡല്‍ഹി യൂണിറ്റ് സെക്രട്ടറി സുരേന്ദ്ര ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്മൃതികുടീരം സന്ദര്‍ശിച്ചത്.
''ഡല്‍ഹി പ്രദേശത്തിന്റെ ചരിത്ര പശ്ചാത്തലം ഞങ്ങള്‍ പഠിക്കുകയാണ്. വ്യത്യസ്ത കാലഘട്ടങ്ങളിലെ ഭരണാധികാരികള്‍ അനുവദിച്ച ഭൂമിയും അവരുടെ സംഭാവനകളും വിശകലനം ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം''-പ്രസ്താവന പറയുന്നു. ഇനി ഡല്‍ഹിയിലെ സഫ്ദര്‍ ജംഗ് സമൃതികുടീരവും പരിശോധിക്കും. പരിശോധനകള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റിപോര്‍ട്ട് നല്‍കുമെന്നും സംഘം അറിയിച്ചു. പരിശോധനകള്‍ വിവാദമാക്കരുതെന്ന് പ്രസ്താവനയില്‍ പ്രത്യേകം പറയുന്നുമുണ്ട്.
മുഗള്‍ സാമ്രാജ്യ സ്ഥാപകനായ ബാബറിന്റെ മൂത്തമകനും രണ്ടാം ചക്രവര്‍ത്തിയുമാണ് നസിറുദ്ദീന്‍ മുഹമ്മദ് ഹുമായൂണ്‍ (1508-1556).

ഹുമായൂണ്‍ എന്നാല്‍ ഭാഗ്യവാന്‍ എന്നാണ് അര്‍ത്ഥം. ഡല്‍ഹി കീഴടക്കി മുഗള്‍ സാമ്രാജ്യം സ്ഥാപിക്കുന്നതില്‍ ബാബറിനോടൊപ്പം തന്നെ ഹുമായൂണ്‍ യുദ്ധത്തില്‍ പങ്കെടുത്തു. ബാബറിന്റെ മരണശേഷം അധികാരത്തില്‍ എത്തുമ്പോള്‍ വെറും 23 വയസേ ഹുമായൂണിനുണ്ടായിരുന്നുള്ളൂ.
മുഗള്‍ സാമ്രാജ്യത്തിന്റെ അവസാന വര്‍ഷങ്ങളില്‍ പ്രധാനിയായിരുന്നു അബുല്‍ മന്‍സൂര്‍ മിര്‍സ മുഹമ്മദ് മുകിമ് അലി ഖാന്‍ എന്ന സഫ്ദര്‍ ജംഗ് (1708-1754). ഔധിലെ രണ്ടാമത്തെ നവാബ് ആയിരുന്നു.

സഫ്ദര്‍ ജംഗിന്റെ സ്മൃതികുടീരം
