മുഹര്‍റം ചന്തയും മുസ്‌ലിംകളോടുള്ള സര്‍ക്കാരിന്റെ 'ചന്ത' സമീപനവും...

Update: 2021-08-09 09:13 GMT

പി സി അബ്ദുല്ല

കോഴിക്കോട്: മുസ്‌ലിം സമുദായത്തോടുള്ള പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയായ അവഹേളനത്തിന്റെ ഒടുവിലത്തെ ഉദാഹരണമായി മുഹര്‍റം ചന്ത. ഭരണപരമായ നടപടികളിലും സമീപനത്തിലും മുസ്‌ലിം സമുദായത്തോട് പ്രകടമായ വിവേചനവും അവഗണനയും പുലര്‍ത്തുന്ന സര്‍ക്കാര്‍ ഓണച്ചന്തയിലേക്ക് മുഹര്‍റത്തെ വലിച്ചിഴച്ചത് കടുത്ത അവഹേളനമായാണ് വിലയിരുത്തുന്നത്. മുഹര്‍റം കേരളത്തില്‍ പൊതുവേ ആഘോഷിക്കപ്പെടാറില്ല. ഉത്തരേന്ത്യയില്‍ മാത്രമാണ് ആ ആഘോഷം എന്നിരിക്കെ, ഓണച്ചന്തയോടൊപ്പം ഇത്തവണ മുഹര്‍റം ചേര്‍ത്ത സര്‍ക്കാര്‍ നടപടി നിര്‍ദോഷമായല്ല വിലയിരുത്തപ്പെടുന്നത്.

കേരളത്തിലടക്കം മുസ്‌ലിംകളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ബലി പെരുന്നാള്‍ അഥവാ ബക്രീദ്. കൊവിഡ് നിയന്ത്രണങ്ങളുടെ വറുതികള്‍ക്കിടയിലാണ് ഇത്തവണയും ബലി പെരുന്നാളെത്തിയത്. എന്നാല്‍, ലോക്ക് ഡൗണ്‍ കാലം മുതല്‍ സൗജന്യ കിറ്റ് നല്‍കുന്ന സര്‍ക്കാര്‍ ബരി പെരുന്നാള്‍ സമാഗതമായ ജൂലൈയില്‍ മാത്രം സൗജന്യ കിറ്റ് നല്‍കിയില്ല. ബക്രീദ് എന്ന പ്രധാന ആഘോഷത്തിന് സൗജന്യ കിറ്റ് നിഷേധിച്ച സര്‍ക്കാര്‍, ഓണച്ചന്തയോടൊപ്പം മുഹര്‍റം വലിച്ചിഴച്ച് സമുദായത്തെ പൊട്ടന്‍ കളിപ്പിക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ സൗജന്യ കിറ്റ് വിതരണം ആരംഭിച്ചത് മുതല്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ മാത്രമാണ് സൗജന്യ കിറ്റ് വിതരണം ചെയ്യാതിരുന്നത്.

ജൂലൈ മൂന്നാം വാരമായിരുന്നു ബലി പെരുന്നാള്‍. ബലി പെരുന്നാള്‍ മാസത്തില്‍ മാത്രം സൗജന്യ കിറ്റ് നിഷേധിച്ചതില്‍ സമുദായത്തില്‍ ഉയര്‍ന്ന ചര്‍ച്ചകളെയും പ്രതിഷേധങ്ങളെയും തണുപ്പിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ചെപ്പടി വിദ്യയായിരുന്നു ഓണച്ചന്തയുടെ ചെലവിലുള്ള 'മുഹര്‍റം ചന്ത'. എന്നാല്‍, ഓണത്തിന്റെ പൊതുവായ പരിഗണനയില്‍ മുഹര്‍റം കൂടി വലിച്ചിഴച്ച സര്‍ക്കാര്‍ നടപടി സമുദായത്തോട് സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന 'ചന്ത' സമീപനത്തിന്റെ തുടര്‍ച്ച തന്നെയായാണ് ചര്‍ച്ചകള്‍ ഉയരുന്നത്.

സച്ചാര്‍ കമ്മിറ്റി ആനുകൂല്യങ്ങള്‍ റദ്ദാക്കിയ കോടതി വിധിയോടും ഉയര്‍ന്ന ജൂഡീഷ്യല്‍ സംവിധാനങ്ങളിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനങ്ങളിലും ജില്ലാതല ആസൂത്രണ സമിതികളിലെ നിയമനങ്ങളിലും മുസ്‌ലിം സമുദായത്തെ പാടെ തഴഞ്ഞതിന്റെ ചര്‍ച്ചകളും സജീവമാവുന്നതിനിടെയാണ് സമുദായത്തോടുള്ള സര്‍ക്കാരിന്റെ മുഹര്‍റം ചന്ത അവഹേളനവും. മുസ്‌ലിംകള്‍ക്കുള്ള ഭരണഘടനാപരമായ സച്ചാര്‍ ആനുകൂല്യങ്ങള്‍ റദ്ദാക്കിയ കോടതി വിധി അംഗീകരിച്ച് അപ്പീലിന് പോവാതിരുന്ന പിണറായി സര്‍ക്കാര്‍, നാടാര്‍ ക്രിസ്ത്യാനികളുടെ സംവരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ അപ്പില്‍ നല്‍കാന്‍ പിറ്റേ ദിവസംതന്നെ തീരുമാനമെടുക്കുകയാണ് ചെയ്തത്.

Tags:    

Similar News