മുജാഹിദ് സമ്മേളനം സമാപിച്ചു; ഭിന്നിപ്പിന്റെ ശക്തികളെ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി
കരിപ്പൂർ: നാലു ദിവസം നീണ്ട മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമര പോരാളികളുടെ പേരുകള്‍ ചരിത്രത്തില്‍ നിന്നും വെട്ടിമാറ്റി വര്‍ഗീയ വത്ക്കരിക്കുകയാണെന്നും ചരിത്ര വിദ്യാര്‍ത്ഥികള്‍ ഇത് തിരിച്ചറിയണമെന്നും ജനങ്ങളെ ഭിന്നിപ്പിച്ച് വര്‍ഗീയവത്കരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിയമം ഉണ്ടാക്കുന്നത് ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചാണ്. ഇതുവഴി തീവ്ര ദേശീയതയുടെ പേരില്‍ പാര്‍ട്ടി വളര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഭിന്നിപ്പിന്റെ ശക്തികളെ തിരിച്ചറിയണം. ഭിന്നിപ്പിച്ച് രാഷട്രീയ ലാഭം നേടാനുള്ള ശ്രമമാണ് കേന്ദ്രം ഭരിക്കുന്നവര്‍ ചെയ്യുന്നത്. മനുഷ്യ സാഹോദര്യം ഉറപ്പുവരുത്തണം. അതുവഴി സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സാഹചര്യം സൃഷ്ടിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമാപന സമ്മേളനത്തില്‍ നൗഷാദ് കാക്കവയല്‍ ഖുര്‍ആന്‍ പാരായണം നടത്തി. കെ എന്‍ എം മര്‍കസുദഅ്‌വ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ ആമുഖഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് ഇ കെ അഹമ്മദ്കുട്ടി, ഡോ. ശശി തരൂര്‍ എം പി. ഡോ അബ്ദുറസാഖ് അബു ജസര്‍, പി കെ കുഞ്ഞാലിക്കുട്ടി, എം പി അബ്ദുസസ്സമദ് സമദാനി എം പി, വി പി മുഹമ്മദാലി, എം പി അഹമദ്, സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി, കെ പി സകരിയ്യ, എ അഹമ്മദ്കുട്ടി മദനി, സഹല്‍ മുട്ടില്‍, സി ടി ആയിശ ടീച്ചര്‍, ആദില്‍ നസീഫ്, നദ നസ്റിന്‍, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പി വി കുഞ്ഞിക്കോയ മാസ്റ്റര്‍, ജാഫര്‍ അലി, ടി കെ നൗഫല്‍ എന്നിവരെ ആദരിച്ചു.
ഗ്ലോബല്‍ മീറ്റ്, ഐഡിയ ഓഫ് ഇന്ത്യ, മതേതര ഇന്ത്യയുടെ ഭാവി- ഡയലോഗ്, ഹാര്‍മണി മീറ്റ്, തീം കോണ്‍ഫറന്‍സ്, ബിസിനസ് കോണ്‍ക്ലേവ്, യൂത്ത് ഇനിഷ്യേറ്റിവ്, ഖുര്‍ആന്‍ ഹദീസ് കോണ്‍ഫറന്‍സ്, പണ്ഡിത സമ്മേളനം, ഇസ്ലാമിക് നോളെജ് ഹൗസ്, റൈറ്റേഴ്‌സ് ആന്റ് റിസര്‍ച്ചേഴ്‌സ് കോണ്‍ക്ലേവ്, ഫാമിലി കോണ്‍ഫറന്‍സ്, സ്റ്റുഡന്റ്‌സ് കോണ്‍റഫറന്‍സ്, മനുഷ്യാവകാശ സമ്മേളനം, സോഷ്യല്‍ സര്‍വിസ് കോണ്‍ക്ലേവ്, പൗരാവകാശങ്ങളും മാധ്യമജാഗ്രതയും- മീഡിയ കോണ്‍ഫറന്‍സ്, വിമന്‍സ് മീറ്റ്, എക്‌സ്പാറ്റ് കോണ്‍ഫറന്‍സ്, ഉമ്മത്ത് കോണ്‍ഫറന്‍സ്, ഐഡിയോളജി കോണ്‍ഫറന്‍സ്, ഡിഫറന്റ്‌ലി ഏബ്ള്‍ഡ് കോണ്‍ഫറന്‍സ്, നാഷനല്‍ റിഫോം കോണ്‍ക്ലേവ്, ഇസ്ലാഹി ഹിസ്റ്ററി കോണ്‍ഫറന്‍സ് തുടങ്ങി നാലു ദിവസങ്ങളിലായി 45 സെഷനുകളാണ് വേദിയെ സമ്പന്നമാക്കിയത്.