മുല്ലപ്പെരിയാര്‍ ഡാം:സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ഭീമ ഹരജി; ജനങ്ങളില്‍നിന്ന് നാളെ ഒപ്പുകള്‍ ശേഖരിക്കുമെന്ന് എസ്ഡിപിഐ

ഒന്നേകാല്‍ നൂറ്റാണ്ട് കാലപ്പഴക്കമുള്ള മുല്ലപ്പരിയാര്‍ ഡാമിന്റെ സുരക്ഷയെപ്പറ്റി ജനങ്ങളില്‍ വലിയ ആശങ്ക നില നില്‍ക്കുകയാണെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാസെക്രട്ടറി കെ എ മുഹമ്മദ് ഷെമീര്‍

Update: 2021-11-17 15:03 GMT

കൊച്ചി:മുല്ലപ്പെരിയാര്‍ ഡാം ഡീക്കമ്മീഷന്‍ ചെയ്ത് പുതിയ ഡാം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നല്‍കുന്ന ഭീമഹരജിയില്‍ ജനങ്ങളില്‍നിന്ന് നാളെ ഒപ്പുകള്‍ ശേഖരിക്കുമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാസെക്രട്ടറി കെ എ മുഹമ്മദ് ഷെമീര്‍ അറിയിച്ചു.

ഒന്നേകാല്‍ നൂറ്റാണ്ട് കാലപ്പഴക്കമുള്ള മുല്ലപ്പരിയാര്‍ ഡാമിന്റെ സുരക്ഷയെപ്പറ്റി ജനങ്ങളില്‍ വലിയ ആശങ്ക നില നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.40 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ ഉത്തരവാദിത്വം നിര്‍വഹിക്കാതെ ഓടിയൊളിക്കുകയാണ്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാത്ത സര്‍ക്കാരുകള്‍ക്കെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ആശങ്ക അറിയിച്ചുകൊണ്ടാണ് ജനങ്ങള്‍ ഭീമഹരജി നല്‍കുന്നത്.

കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും തമിഴ്‌നാടിന്റെ കൃഷിയും സംരക്ഷിക്കുന്ന തരത്തില്‍ മുല്ലപ്പെരിയാര്‍ ഡാം ഡി കമ്മിഷന്‍ ചെയ്ത് പുതിയ ഡാം നിര്‍മ്മിക്കണമെന്ന് ഭീമ ഹരജിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനോട് ആവശ്യപ്പെടും.കേരളപ്പിറവി ദിനത്തില്‍ എസ്ഡിപിഐ നടത്തിയ സമര പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ഭീമഹരജി നല്‍കുന്നതെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.

Tags:    

Similar News