മുല്ലപ്പെരിയാര്‍: തമിഴ്‌നാടിന്റേത് കേരളത്തോടുള്ള വെല്ലുവിളി:എസ്ഡിപിഐ
മുല്ലപ്പെരിയാര്‍ പ്രശ്‌നം രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്ന് മുതലെടുക്കാനാണ് തമിഴ്‌നാടിന്റെ ശ്രമമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി
കൊച്ചി:മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് പ്രസക്തിയില്ലെന്നും ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന തമിഴ്‌നാട് മന്ത്രിതല സംഘത്തിന്റെ പ്രഖ്യാപനം കേരള ജനതയോടുളള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി.
കേരള സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് മന്ത്രിമാര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്.മുല്ലപ്പെരിയാര്‍ പ്രശ്‌നം രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്ന് മുതലെടുക്കാനാണ് തമിഴ്‌നാടിന്റെ ശ്രമം.അതിന്റെ ഭാഗമായാണ് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്റെ നേതൃത്വത്തില്‍ മന്ത്രിമാരും എംഎല്‍എമാരും ഉന്നത ഉദ്യോഗസ്ഥരുമടക്കമുള്ള മന്ത്രിതല സംഘം മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചതെന്നും വി കെ ഷൗക്കത്തലി ആരോപിച്ചു.
മുല്ലപ്പെരിയാറിന് വേണ്ടി തമിഴ്‌നാട്ടിലെ മന്ത്രിമാര്‍ ഒന്നടങ്കം രംഗത്തിറങ്ങുമ്പോള്‍ കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട കേരള സര്‍ക്കാറിന്റെ നടപടികള്‍ ഒച്ചിന്റെ വേഗതയിലാണ്.ജനങ്ങളുടെ സുരക്ഷയെ കുറിച്ചുളള വസ്തുതകള്‍ സുപ്രീം കോടതിയെ ബോധ്യപ്പെടുത്താന്‍ കേരളത്തിന് നാളിതുവരെ കഴിഞ്ഞിട്ടില്ല.
സ്വകാര്യ വ്യക്തികള്‍ സുപ്രീം കോടതിയില്‍ നല്‍കിയിട്ടുള്ള കേസില്‍ കക്ഷി ചേരുന്നതല്ലാതെ സത്യസന്ധമായ ഒരു നിലപാട് കേരള സര്‍ക്കാര്‍ എടുത്തിട്ടില്ലെന്ന് ഷൗക്കത്ത് അലി ആരോപിച്ചു.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം കൃത്യമായ നയം രൂപീകരിക്കണമെന്നും കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് ജലവും എന്ന നിലപാട് സുപ്രീംകോടതിയില്‍ ശക്തമായി ബോധ്യപ്പെടുത്താന്‍ തയ്യാറാകണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.