മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍: സുപ്രിംകോടതിയിലെ അന്തിമ വാദം കേള്‍ക്കല്‍ ഫെബ്രുവരി രണ്ടാംവാരം ആരംഭിക്കും
അതിനു മുമ്പ് പരിഗണിക്കേണ്ട വിഷയങ്ങള്‍ തയാറാക്കാന്‍ കേസിലെ കക്ഷികള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കേരളവും തമിഴ്‌നാടും ഉള്‍പ്പെടെയുളള കക്ഷികളുടെ അഭിഭാഷകരോടാണ് സുപ്രിംകോടതി ഇക്കാര്യം നിര്‍ദേശിച്ചത്.
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളിലെ അന്തിമ വാദം കേള്‍ക്കല്‍ ഫെബ്രുവരി രണ്ടാംവാരം ആരംഭിക്കാന്‍ സുപ്രിം കോടതി തീരുമാനിച്ചു. അതിനു മുമ്പ് പരിഗണിക്കേണ്ട വിഷയങ്ങള്‍ തയാറാക്കാന്‍ കേസിലെ കക്ഷികള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കേരളവും തമിഴ്‌നാടും ഉള്‍പ്പെടെയുളള കക്ഷികളുടെ അഭിഭാഷകരോടാണ് സുപ്രിംകോടതി ഇക്കാര്യം നിര്‍ദേശിച്ചത്.
ഹര്‍ജികളില്‍ അടുത്ത ആഴ്ച അന്തിമ വാദം കേള്‍ക്കല്‍ ആരംഭിക്കാമെന്നാണ് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് അഭിപ്രായപ്പെട്ടത്. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തതോടെയാണ് ഹര്‍ജികള്‍ ഫെബ്രുവരി രണ്ടാംവാരം പരിഗണിക്കുന്നതിനായി മാറ്റാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചത്.
അണക്കെട്ടിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കോടതിയുടെ ചുമതലയല്ലെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ ചൂണ്ടിക്കാട്ടി. അണക്കെട്ടിലെ ജലനിരപ്പ് ഉള്‍പ്പടെയുള്ളവ മേല്‍നോട്ട സമിതി പരിഗണിക്കുന്ന വിഷയങ്ങളാണ്. ജനങ്ങളുടെ സുരക്ഷ ഉള്‍പ്പടെയുള്ള വിഷയങ്ങളുടെ നിയമപരമായ വശങ്ങളാണ് തങ്ങള്‍ പരിഗണിക്കുകയെന്നും കോടതി വ്യക്തമാക്കി. പരിഗണന വിഷയങ്ങള്‍ തയ്യാറാക്കാന്‍ വിവിധ കക്ഷികളുടെ അഭിഭാഷകരോട് യോഗം ചേരാനും സുപ്രീം കോടതി നിര്‍ദേശിച്ചു.
അണക്കെട്ടിലെ ചോര്‍ച്ച സംബന്ധിച്ച ഡാറ്റ വ്യക്തതയോടെ തമിഴ്‌നാട് സര്‍ക്കാര്‍ കൈമാറുന്നില്ലെന്ന് പെരിയാര്‍ പ്രൊട്ടക്ഷന്‍ മൂവേമെന്റ് എന്ന സംഘടനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വി കെ ബിജു ആരോപിച്ചു. കേരള സര്‍ക്കാരിന് വേണ്ടി അഭിഭാഷകരായ ജി പ്രകാശ്, എം എല്‍ ജിഷ്ണു എന്നിവര്‍ ഹാജരായി. റിട്ട് ഹര്‍ജി നല്‍കിയ ഡോ. ജോ ജോസഫിന് വേണ്ടി അഭിഭാഷകന്‍ സൂരജ് ഇലഞ്ഞിക്കലും, സേവ് കേരള ബ്രിഗേഡിന് വേണ്ടി വില്‍സ് മാത്യുവും ഹാജരായി.