മുല്ലപ്പെരിയാര്‍ വിവാദ മരംമുറി ഉത്തരവ്; ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുകൂലമായി അന്വേഷണ റിപ്പോര്‍ട്ട്
ജലവിഭവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയതെന്നാണ് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തപ്പെടുത്താന്‍ മരംമുറിക്കാന്‍ അനുമതി നല്‍കിയതില്‍ ചീഫ് വൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ വെള്ളപൂശി വകുപ്പ്തല അന്വേഷണ റിപ്പോര്‍ട്ട്. ജലവിഭവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയതെന്നാണ് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ഈ മാസം 20ന് പുതിയ വനംമേധാവിയെ തിരഞ്ഞെടുക്കാനുള്ള സമിതി ചേരാനിരിക്കെയാണ് വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയത്.
ബേബി ഡാം ശക്തിപ്പെടുത്താന്‍ മരം മുറിക്കാനായി തമിഴ്‌നാടിന് അനുമതി നല്‍കി ഉത്തരവിറക്കി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്റ് ചെയ്തിരുന്നു. അന്തര്‍ സംസ്ഥാന നദീജല തര്‍ക്ക സമിതിയുടെ തീരുമാനം അനുസരിച്ച് ജലവിഭവ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഉത്തരവിറക്കിയതെന്നായിരുന്നു ബെന്നിച്ചന്റെ വിശദീകരണം. ബെന്നിച്ചന്റെ സസ്‌പെന്‍ഷനിനെതിരെ ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ ശക്തമായി പ്രതിഷേധിച്ചു.
സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് ഒരു മാസത്തിനിടെ ബെന്നിച്ചന്‍ തോമസിനെ തിരിച്ചെടുത്തുവെങ്കിലും വകുപ്പ്തല അന്വേഷണം തുടര്‍ന്നു. ബെന്നിച്ചന്‍ തോമസിന്റെ വിശദീകരണം ശരിവയ്ക്കുന്ന വനം സെക്രട്ടറി, ഉത്തരവിന് പിന്നില്‍ ഉദ്യോഗസ്ഥന് പ്രത്യേക ലക്ഷ്യമൊന്നുമില്ലെന്നും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. പക്ഷെ ബെന്നിച്ചന്‍ പൂര്‍ണമായും അന്വേഷണ റിപ്പോര്‍ട്ട് ന്യായീകരിക്കുന്നുമില്ല. നയപരമായ തീരുമാനമായതിനാല്‍ രേഖാമൂലമുള്ള നിര്‍ദ്ദേശപ്രകാരം വാങ്ങേണ്ട ജാഗ്രത പാലിക്കണമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. റിപ്പോര്‍ട്ട് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.