മുംബൈയില്‍ കനത്തമഴ: പല പ്രദേശങ്ങളും വെള്ളത്തിനടിയില്‍, ട്രെയിനുകള്‍ സസ്‌പെന്റ് ചെയ്തു
കൊറോണ വ്യാപന ഭീതി നിലനില്‍ക്കുന്നതിനിടെയുണ്ടായ മഴയും വെള്ളപ്പൊക്കവും സ്ഥിതി സങ്കീര്‍ണമാക്കിയിട്ടുണ്ട്. നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ 280 മി.മീ മഴയാണ് ഇന്നലെ രാത്രി ലഭിച്ചത്.
മുംബൈ: ഇന്ത്യയുടെ വാണിജ്യ നഗരമായ മുംബൈയില്‍ ഇന്നലെ രാത്രി മുതല്‍ തുടരുന്ന കനത്ത പേമാരിയില്‍ പലിയടങ്ങളിലും വെള്ളം കയറി. റെയില്‍, റോഡ് ഗതാഗതം സതംഭിച്ചു. മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊറോണ വ്യാപന ഭീതി നിലനില്‍ക്കുന്നതിനിടെയുണ്ടായ മഴയും വെള്ളപ്പൊക്കവും സ്ഥിതി സങ്കീര്‍ണമാക്കിയിട്ടുണ്ട്. നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ 280 മി.മീ മഴയാണ് ഇന്നലെ രാത്രി ലഭിച്ചത്.
അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പലയിടങ്ങളിലും അരയ്‌ക്കൊപ്പം വെള്ളംകയറിയിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ ആശങ്കയില്ല. അതേസമയം, താഴ്ന്ന മേഖലയിലാണ് വെള്ളം കൂടുതലായി കയറിയിട്ടുള്ളത്. സെന്‍ട്രല്‍, ഹാര്‍ബര്‍ ലൈനുകളിലെ ട്രെയിന്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മുംബൈ കോര്‍പറേഷന്‍ അധികൃതര്‍ രാവിലെയാണ് ഇക്കാര്യം അറിയിച്ചത്.
മഴ കുറഞ്ഞാല്‍ വെള്ളം ഒഴിഞ്ഞുപോവുമെന്നാണ് കരുതുന്നത്. അതേസമയം, കൂടുതല്‍ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ആശങ്ക പരത്തിയിട്ടുണ്ട്. കൊളാബ, താനെ, പല്‍ഘാര്‍, റായ്ഗഡ് എന്നിവിടങ്ങളിലെല്ലാം കൂടുതല്‍ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. ജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും വൈദ്യുതി ഏറെ നേരം തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ദോന്‍ഗ്രി പോലിസ് സ്‌റ്റേഷന് അടുത്തുള്ള ചില സ്ഥലങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. സിയോണ്‍ റെയില്‍വെ സ്‌റ്റേഷനിലെ പാളങ്ങള്‍ വെള്ളത്തിനടിയിലാണ്. വോര്‍ളിയിലും വെള്ളം ഉയരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊറോണയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കണമെന്ന് നേരത്തെ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പുതിയ സാഹചര്യത്തില്‍ എങ്ങനെ പ്രാവര്‍ത്തികമാകും എന്നത് വ്യക്തമല്ല. പല പ്രദേശങ്ങളിലും ആളുകള്‍ കൂട്ടമായാണ് താമസിക്കുന്നത്. ഇതു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.