സിഎഎ പ്രതിഷേധം; മുംബൈയില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ റാലിയ്ക്ക് അനുമതി നിഷേധിച്ചു
ക്രമസമാധാന തകര്‍ച്ച ചൂണ്ടിക്കാട്ടിയാണ് മുംബൈ പോലിസിന്റെ നടപടി. ഈ മാസം 21ന് മുംബൈ ആസാദ് മൈതാനത്തായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്.
മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ നടത്താനിരുന്ന റാലിയ്ക്ക് പോലിസ് അനുമതി നിഷേധിച്ചു. ക്രമസമാധാന തകര്‍ച്ച ചൂണ്ടിക്കാട്ടിയാണ് മുംബൈ പോലിസിന്റെ നടപടി. ഈ മാസം 21ന് മുംബൈ ആസാദ് മൈതാനത്തായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളുടെ മുഖമായി ചന്ദ്രശേഖര്‍ ആസാദ് മാറിയിരുന്നു. ഡിസംബറില്‍ ഡല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരേ നടന്ന പ്രതിഷേധത്തിന് ആളുകളെ ഇളക്കിവിട്ടു എന്നാരോപിച്ച് ആസാദിനെ അറസ്റ്റ് ചെയ്യുകയും റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. ജനുവരി 16ന് ജാമ്യത്തിലിറങ്ങിയ ആസാദ് വീണ്ടും സമരങ്ങളില്‍ സജീവമായി പങ്കെടുത്തു വരികയാണ്. ഇതിനിടെ കേരളത്തില്‍ നടന്ന വിവിധ പ്രതിഷേധപരിപാടികളിലും ആസാദ് സംബന്ധിച്ചിരുന്നു.