മതവികാരം വ്രണപ്പെടുത്തല്‍; അര്‍ണബ് ഗോസ്വാമിക്കെതിരേ മുംബൈ പോലിസ് കേസെടുത്തു
പാല്‍ഘര്‍ ജില്ലയില്‍ ഈയിടെ നടന്ന ആള്‍ക്കൂട്ട കൊലപാതകത്തെക്കുറിച്ചുള്ള വാര്‍ത്താപരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരേ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിനു അര്‍ണബ് ഗോസ്വാമിയെ ഏപ്രില്‍ 27ന് മുംബൈ പോലിസ് ചോദ്യം ചെയ്തിരുന്നു
മുംബൈ: കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധത്തെ മതവികാരം വ്രണപ്പെടുത്തുന്ന വിധത്തില്‍ സംപ്രേഷണം ചെയ്തതിനു റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരെ മുംബൈ പോലിസ് കേസെടുത്തു. കൊറോണ വൈറസ് വ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബാന്ദ്രയില്‍ കുടിയേറ്റക്കാര്‍ പ്രതിഷേധവുമായെത്തിയതിനെ മുസ് ലിം പള്ളിയുമായി കൂട്ടി യോജിപ്പിച്ച് വാര്‍ത്ത നല്‍കിയ സംഭവത്തിലാണ് കേസെടുത്തത്. ഐപിസി 153 എ(രണ്ട് ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 295എ (മതപരമായ വികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വ ശ്രമം), 500(മാനനഷ്ടം), 511 (കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കല്‍), 120 ബി(ആസൂത്രണം) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഏപ്രില്‍ 29ന് സംപ്രേഷണം ചെയ്ത വാര്‍ത്തയില്‍ പള്ളിയുടെ ചിത്രം പ്രദര്‍ശിപ്പിക്കുകയും പള്ളിക്ക് പുറത്ത് നിരവധിപേര്‍ ഒത്തുകൂടുകയും ചെയ്‌തെന്നു ചിത്രീകരിച്ചെന്നുമാണ് എഫ്‌ഐആറിലെ ആരോപണം. റാസ എജ്യൂക്കേഷന്‍ വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി ഇര്‍ഫാന്‍ അബുബക്കര്‍ ഷെയ്ക്ക് ശനിയാഴ്ച തെക്കന്‍ മുംബൈയിലെ പൈഡോണി പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഏപ്രില്‍ 14ന് നടന്ന സംഭവത്തെയാണ് ഏപ്രില്‍ 29ന് നടന്നതെന്ന വിധത്തില്‍ അര്‍ണബ് ഗോ സ്വാമി ചാനലില്‍ നല്‍കിയത്. ഇത് സംപ്രേഷണം ചെയ്തതിലൂടെ അര്‍ണബ് ഗോ സ്വാമി ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിടാന്‍ ശ്രമിച്ചെന്ന് ഷെയ്ഖ് പിടിഐയോട് പറഞ്ഞു.
പാല്‍ഘര്‍ ജില്ലയില്‍ ഈയിടെ നടന്ന ആള്‍ക്കൂട്ട കൊലപാതകത്തെക്കുറിച്ചുള്ള വാര്‍ത്താപരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരേ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിനു അര്‍ണബേ ഗോസ്വാമിയെ ഏപ്രില്‍ 27ന് മുംബൈ പോലിസ് ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ അര്‍ണബിനെതിരേ നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് സുപ്രിംകോടതി മൂന്നാഴ്ച തടഞ്ഞിരുന്നു.