അര്‍ണബിനെ വിടാതെ പോലിസ്; ചോദ്യം ചെയ്യാന്‍ നേരിട്ടെത്തണമെന്ന് മുംബൈ പോലിസ്
ബുധനാഴ്ച രാവിലെ 11ന് പൈഥൊനീ പോലിസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചത്.
മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയോട് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് മുംബൈ പോലിസ്. ബുധനാഴ്ച രാവിലെ 11ന് പൈഥൊനീ പോലിസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചത്. ബാന്ദ്രയില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് തന്റെ ടിവി ഷോയിലൂടെ വര്‍ഗീയ വിദ്വേഷം പരത്താന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി റസ എജ്യുക്കേഷനല്‍ വെല്‍ഫയര്‍ സൊസൈറ്റി ഭാരവാഹി ഇര്‍ഫാന്‍ അബൂബക്കര്‍ ഷെയ്ഖ് നല്‍കിയ പരാതിയിലാണ് അര്‍ണബിനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. മെയ് 2നായിരുന്നു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
നാളെ രാവിലെ 11ന് പൈഥൊനീ പോലിസ് സ്റ്റേഷനില്‍ എത്തണമെന്ന് അര്‍ണബിനെ അറിയിച്ചതായി ഡപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലിസ് പ്രണയ് അശോക് വ്യക്തമാക്കി. ഈ കേസില്‍ ആദ്യമായാണ് അര്‍ണബിനെ ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. റിപബ്ലിക് ചാനലിന്റെ സിഎഫ്ഒ എസ് സുന്ദരത്തോടും നാളെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രകോപനമുണ്ടാക്കല്‍, മതത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തില്‍ ഇരു വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, മത വികാരം വ്രണപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അര്‍ണബിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ അര്‍ണബിനെ മുംബൈ പോലിസ് കഴിഞ്ഞ ഏപ്രിലില്‍ 12 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് നടത്തിയ ചാനല്‍ ചര്‍ച്ചയിലാണ് അര്‍ണബ് സോണിയയ്‌ക്കെതിരേ പ്രകോപനപരമായ പരാമര്‍ശം നടത്തിയത്.
അതിനിടെ, സോണിയക്കെതിരായ മോശം പരാമര്‍ശവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ മുംബൈ പോലിസ് അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന അര്‍ണബിന്റെ ആവശ്യം ബോംബൈ ഹൈക്കോടതി നിരസിച്ചു.
തനിക്കും ചാനലിനുമെതിരേ നാഗ്പൂരിലും മുംബൈയിലും ഫയല്‍ ചെയ്ത രണ്ട് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന വാദം കേട്ട ജസ്റ്റിസുമാരായ ഉജ്ജല്‍ ഭൂയാന്‍, റിയാസ് ചഗ്ല എന്നിവരടങ്ങിയ ബെഞ്ച് പോലിസിനു മുമ്പാകെ നേരിട്ട് ഹാജരാവുന്നതിനല്‍നിന്നു അര്‍ണബിന് ഇളവ് നല്‍കാനും വിസമ്മതിച്ചു. അതേസമയം, അറസ്റ്റില്‍നിന്നു കോടതി സരംക്ഷണം നല്‍കി.
തനിക്കെതിരായ ക്രിമിനല്‍ കേസുകള്‍ റദ്ദാക്കുകയോ അന്വേഷണം മുംബൈ പോലിസില്‍നിന്നു സിബിഐക്ക് കൈമാറുകകോയോ വേണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി മെയ് 19ന് സുപ്രിംകോടതി തള്ളിയതിനെതുടര്‍ന്നാണ് അര്‍ണബ് ഹൈക്കോടതി സമീപിച്ചത്.