കൊലക്കേസ് പ്രതി മൂന്നു പതിറ്റാണ്ടിനു ശേഷം പിടിയില്‍
1991ല്‍ നാലു വയസ്സുകാരി കൊല്ലപ്പെട്ട കേസില്‍ രണ്ടാംപ്രതിയായ ബീന എന്ന ഹസീനയാണ് കളമശ്ശേരിയില്‍ വെച്ച് പിടിയിലായത്.
കോഴിക്കോട്: നാലു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മൂന്നു പതിറ്റാണ്ടിനു ശേഷം കോഴിക്കോട് ടൗണ്‍ പോലിസ് പിടികൂടി. 1991ല്‍ നാലു വയസ്സുകാരി കൊല്ലപ്പെട്ട കേസില്‍ രണ്ടാംപ്രതിയായ ബീന എന്ന ഹസീനയാണ് കളമശ്ശേരിയില്‍ വെച്ച് പിടിയിലായത്. പ്രതി ദത്തെടുത്ത നാലര വയസ്സുള്ള പെണ്‍കുട്ടിയെ കോഴിക്കോട് ഓയിറ്റി റോഡിലെ ലോഡ്ജില്‍ വെച്ചു പ്രതിയും കാമുകനും ചേര്‍ന്ന് ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ബാലിക ചികില്‍സയില്‍ ചികില്‍സയിലിരിക്കെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് അസ്വാഭാവിക മരണത്തിനു കേസെടുത്ത മെഡിക്കല്‍ കോളജ് പോലിസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മരണം കൊലപാതകം ആണെന്ന് തെളിയുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. പ്രതി മൂന്നാര്‍ ഭാഗത്ത് താമസമുണ്ടെന്നും ഒരു ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ടു കളമശ്ശേരിയില്‍ എത്തുമെന്നും ഉള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ അസിസ്റ്റന്റ്‌റ് കമ്മീഷണര്‍ എ വി ജോണിന്റെ നിര്‍ദേശ പ്രകാരം ടൗണ്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീഹരി, എസ്‌ഐമാരായ ബിജു ആന്റണി, അബ്ദുല്‍ സലിം, സീനിയര്‍ സിപിഒ സജേഷ് കുമാര്‍. സിപിഒമാരായ രജീഷ് ബാബു, സുജന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.