അക്രമികള്‍ തകര്‍ത്തത് ആറ് മാസത്തെ തയ്യാറെടുപ്പുകള്‍; ബീച്ചിലെ അക്രമം നഷ്ടമുണ്ടാക്കിയത് കിടപ്പ് രോഗികള്‍ക്ക്

Update: 2022-08-22 04:10 GMT

കോഴിക്കോട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബീച്ചില്‍ നടത്തിയ സംഗീത പരിപാടി അലങ്കോലപ്പെടുത്തിയ അക്രമികള്‍ തകര്‍ത്തത് സംഘാടകരുടെ ആറ് മാസത്തെ തയ്യാറെടുപ്പുകള്‍. ജെഡിടി ഇസ് ലാം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ സ്റ്റുഡന്റ് ഇനിഷ്യേറ്റീവ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരാണ് പരിപാടിയുടെ സംഘാടകര്‍. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയ്യെടുത്തിട്ടുള്ള വിദ്യാര്‍ഥികള്‍ കിടപ്പു രോഗികള്‍ക്ക് ഉല്ലാസ യാത്ര ചെയ്യാനുള്ള കാരവന്‍ വാങ്ങാന്‍ ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ പരിപാടിയാണ് അക്രമികള്‍ അഴിഞ്ഞാടി തകര്‍ത്തു കളഞ്ഞത്.

ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഞായറാഴ്ച്ചയായതിനാല്‍ ബീച്ചില്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ബീച്ചില്‍ എത്തിയവരില്‍ നൂറുകണക്കിന് പേര്‍ സംഗീത പരിപാടി നടക്കുന്നത് അറിഞ്ഞ് അവിടേക്ക് എത്തി. ഇതോടെ ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ നിയന്ത്രിക്കാനാവാത്ത തിരക്ക് അനുഭവപ്പെട്ടു. ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ തുടങ്ങിയ ഉന്തും തള്ളും അക്രമികള്‍ മുതലെടുക്കുകയായിരുന്നു. ബാരിക്കേഡുകള്‍ തകര്‍ത്ത സംഘം പരിപാടി നടക്കുന്ന വേദിയിലേക്കും ഇരച്ചുകയറി. ഗേറ്റ് തകര്‍ത്ത് കുറെപ്പേര്‍ സംഘമായി അകത്തേക്ക് തള്ളി കയറി. മൂന്ന് ദിവസമായി നടക്കുന്ന പരിപാടികള്‍ സമാധാനപരമായതിനാല്‍ പോലിസ് സുരക്ഷയും കാര്യമായി ഉണ്ടായിരുന്നില്ല. എട്ട് പോലിസുകാര്‍ മാത്രമാണ് സുരക്ഷ ചുമതലയില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് നേരെയും കല്ലേറുണ്ടായി. കുപ്പിയില്‍ മണല്‍ നിറച്ചും കല്ലും വടിയും പോലിസിനും സംഘാടകര്‍ക്കും നേരെ എറിഞ്ഞു.

പോലിസ് ലാത്തിചാര്‍ജ്ജ് നടത്തിയതോടെ അക്രമികള്‍ പിരിഞ്ഞു പോയെങ്കിലും അല്‍പ സമയം കഴിഞ്ഞ് തിരിച്ചെത്തി സംഘാടകരെ കൈയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. തുടര്‍ന്നും പോലിസ് ലാത്തിവീശി.

Tags:    

Similar News