ബിഹാറില്‍ മോഷണം ആരോപിച്ച് മുസ്‌ലിം യുവാവിനെ തല്ലിക്കൊന്ന സംഭവം: ഒരാള്‍ അറസ്റ്റില്‍

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും രൂപേഷ് യാദവ് എന്ന പ്രതിയെ കൊലപാതകക്കേസില്‍ അറസ്റ്റ് ചെയ്തതായും ജോക്കിഹാത് പോലിസ് സ്‌റ്റേഷന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ വികാസ് കുമാര്‍ പറഞ്ഞു.

Update: 2021-06-28 15:07 GMT

ന്യൂഡല്‍ഹി: ബിഹാറിലെ അരാരിയ ജില്ലയില്‍ മോഷണം ആരോപിച്ച് ഇലക്ട്രീഷ്യനായ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ശനിയാഴ്ച രാത്രിയാണ് 30 കാരനായ മുഹമ്മദ് ഇസ്മായില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും രൂപേഷ് യാദവ് എന്ന പ്രതിയെ കൊലപാതകക്കേസില്‍ അറസ്റ്റ് ചെയ്തതായും ജോക്കിഹാത് പോലിസ് സ്‌റ്റേഷന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ വികാസ് കുമാര്‍ പറഞ്ഞു.

മോഷണത്തിനിടെ വീട്ടില്‍വച്ച് പിടികൂടപ്പെട്ട ഇസ്മായിലിനെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പോലിസും മാധ്യമങ്ങളും പ്രചരിപ്പിച്ചിരുന്നത്. മോഷണ സംഘത്തില്‍ രണ്ടു പേര്‍ ഉണ്ടായിരുന്നതായും അവരില്‍ ഒരാള്‍ രക്ഷപ്പെട്ടതായും ഇസ്മായില്‍ പിടിക്കപ്പെടുകയായിരുന്നുവെന്നുമാണ് പോലിസ് ഭാഷ്യം.

എന്നാല്‍, അദ്ദേഹത്തിന്റെ കുടുംബം അത്തരം ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു. തന്റെ പ്രദേശത്തെ വൈദ്യുതി തൂണിലെ തകരാറുകള്‍ പരിഹരിക്കുന്നതിനിടെ മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടു പേര്‍ വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനായി ഇസ്മായിലിനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. 'അവന്‍ അവരോടൊപ്പം പോയി, അതിനുശേഷം വീട്ടില്‍ തിരിച്ചെത്തിയില്ല.'

ഇസ്മായിലിന്റെ അമ്മാവനായ മൊയിന്‍ അഹ്മദ് ക്ലാരിയന്‍ ഇന്ത്യയോട് പറഞ്ഞു. പിന്നീട് ഇസ്മായിലിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ജോക്കിഹാത്തിലെ ആശുപത്രിയില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയുമായിരുന്നു. ചക്കായ് ഗ്രാമത്തിലെ യാദവ് സമുദായത്തില്‍ നിന്നുള്ളവരാണ് അക്രമികളെന്ന് മോയിന്‍ ആരോപിച്ചു.

കഴിഞ്ഞ വര്‍ഷം പ്രദേശത്ത് നടന്ന മറ്റൊരു കൊലപാതകക്കേസില്‍ പ്രതിയായ ഡോമര്‍ യാദവും അക്രമി സംഘത്തിലുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

Tags:    

Similar News