ശ്രീലങ്ക: രാജിവച്ച നാലു മുസ്‌ലിം മന്ത്രിമാര്‍ മന്ത്രിസഭയില്‍ തിരിച്ചെത്തി

ഇവര്‍ക്ക് പ്രാദേശിക തീവ്ര ഇസ്ലാമിക ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ആരോപണം അന്വേഷണ സംഘം തള്ളിയതിനു പിന്നാലെയാണ് നാലു പേരും മന്ത്രിസഭയില്‍ തിരിച്ചെത്തിയത്.

Update: 2019-07-31 14:25 GMT

കൊളംബോ: ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടന പരമ്പരയ്ക്കു പിന്നാലെ രാജിവച്ച നാലു ശ്രീലങ്കന്‍ മുസ്‌ലിം മന്ത്രിമാര്‍ മന്ത്രിസഭയില്‍ തിരിച്ചെത്തി. ഇവര്‍ക്ക് പ്രാദേശിക തീവ്ര ഇസ്ലാമിക ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ആരോപണം അന്വേഷണ സംഘം തള്ളിയതിനു പിന്നാലെയാണ് നാലു പേരും മന്ത്രിസഭയില്‍ തിരിച്ചെത്തിയത്.

മുതിര്‍ന്ന നേതാക്കളായ ശ്രീലങ്ക മുസ്‌ലിം കോണ്‍ഗ്രസ് നേതാവ് റഊഫ് ഹക്കീം, ആള്‍ സിലോണ്‍ മക്കള്‍ കോണ്‍ഗ്രസ് നേതാവ് റിഷാദ് ബദിയുദ്ധീന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം പ്രസിഡന്റ് മൈതിരിപാല സിരിസേനയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.

ഇവരോടൊപ്പം മറ്റു രണ്ടു ഉപ മന്ത്രിമാരും സര്‍ക്കാരിന്റെ ഭാഗമായി. ഭീകര ബന്ധം ആരോപിച്ച്, ഇവരെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്ന് ബുദ്ധിസ്റ്റ് സാമാജികര്‍ ആവശ്യപ്പെട്ടതിനു പിന്നാലെ ജൂണ്‍ ആദ്യത്തിലാണ് കാബിനറ്റ് പദവിയുള്ള മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഒമ്പത് മന്ത്രിമാര്‍ രാജിവച്ചത്. കൂടാതെ, രണ്ട് പ്രൊവിന്‍ഷ്യല്‍ ഗവര്‍ണര്‍മാരുമായിരുന്നു അന്ന് രാജിവച്ചത്.

തങ്ങള്‍ക്കെതിരേ ആരോപണം തെളിയിക്കാന്‍ ഒരു മാസം സമയം നല്‍കുകയാണെന്നും അതുവരെ മാറി നില്‍ക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് അന്നു മന്ത്രിമാര്‍ രാജിവച്ചത്.ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടന പരമ്പരയില്‍ 258 പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ശ്രീലങ്കയിലാകമാനം വ്യാപക അക്രമം അരങ്ങേറിയിരുന്നു. വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ആള്‍കൂട്ടം നൂറുകണക്കിന് മുസ്‌ലിംകളുടെ സ്വത്തുവകകള്‍ നശിപ്പിക്കുകയും അക്രമത്തില്‍ ഏതാനും പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Tags:    

Similar News