ചൈനയില്‍ മുസ് ലിം പള്ളി തകര്‍ത്ത് പൊതു ശൗചാലയം നിര്‍മിച്ചു
ചൈനീസ് ഭരണകൂടത്തിന്റെ ഇത്തരം നിലപാടുകള്‍ക്കെതിരേ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ടെങ്കിലും മുസ് ലിം വിരുദ്ധ നീക്കങ്ങളുമായി മുന്നോട്ടുപോവുകയാണ്
സിന്‍ജിയാങ്: ചൈനയിലെ വൈഗൂര്‍ മേഖലയില്‍ മുസ് ലിം പള്ളി തകര്‍ത്ത് സര്‍ക്കാര്‍ പൊതു ശൗചാലയം നിര്‍മിച്ചു. ആതുഷ് സുണ്ടാഗ് ഗ്രാമത്തിലെ ടോക്കുള്‍ ജുമാ മസ്ജിദ് തകര്‍ത്താണ് അതേ സ്ഥലത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ പൊതു ശൗചാലയം നിര്‍മിച്ച് കമ്മീഷന്‍ ചെയ്തത്. റേഡിയോ ഫ്രീ ഏഷ്യ എന്ന വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. പള്ളി ഇടിച്ചുനിരപ്പാക്കുന്നതിനു മുമ്പ് മിനാരത്തില്‍ പാര്‍ട്ടി കൊടി നാട്ടിയ ഹാന്‍ വംശജരായ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പള്ളിക്കു മുന്നില്‍ മാന്‍ഡറിന്‍ ഭാഷയില്‍ 'രാജ്യത്തെ സ്‌നേഹിക്കുക, പാര്‍ട്ടിയെ സ്‌നേഹിക്കുക' എന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഷി ജിന്‍പിങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ 2016ല്‍ അധികാരത്തിലെത്തിയ ശേഷം നടപ്പാക്കുന്ന 'മോസ്‌ക് റെക്റ്റിഫിക്കേഷന്‍ നയ'ത്തിന്റെ ഭാഗമായാണ് മുസ് ലിം പള്ളി ഇടിച്ചുനിരത്തിയത്. ഇതിന്റെ മുന്നോടിയായി 2017 മുതല്‍ പ്രദേശവാസികളായ 18 ലക്ഷത്തോളം പേരെ റീ-എജ്യുക്കേഷന്‍ ക്യാംപുകള്‍ എന്നു പേരിട്ടുവിളിക്കുന്ന തടങ്കല്‍ പാളയങ്ങളിലേക്കു മാറ്റിയിരുന്നു.
അതേസമയം, പ്രദേശത്ത് ഇത്തരമൊരു പൊതു ശൗചാലയത്തിന്റെ ആവശ്യമുണ്ടായിരുന്നോയെന്ന റേഡിയോ ഫ്രീ ഏഷ്യ പ്രതിനിധിയുടെ ചോദ്യത്തോട്, അത് ഇവിടുത്തെ ഹാന്‍ സഖാക്കള്‍ ചെയ്തതാണെന്നും അത്തരമൊരു പൊതു ശൗചാലയത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ലെന്നും പ്രദേശവാസികളായ മുസ് ലിംകള്‍ പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ഥനയോടെ വ്യക്തമാക്കി. ഇവിടെ എല്ലാ വീടുകളിലും അറ്റാച്ച് ചെയ്ത ശുചിമുറികള്‍ ഉണ്ട്. പ്രദേശത്ത് ഇടിച്ചു പൊളിക്കപ്പെടുന്ന മൂന്നാമത്തെ മുസ് ലിം പള്ളിയാണിത്. ഇതിനു മുമ്പ് പള്ളി തകര്‍ത്ത സ്ഥലത്ത് ഇസ് ലാം വിലക്കിയ മദ്യവും സിഗരറ്റുമൊക്കെ വില്‍ക്കുന്ന ഒരു കണ്‍വീനിയന്‍സ് സ്റ്റോറാക്കി മാറ്റി. ഞങ്ങളുടെ മതവികാരം വ്രണപ്പെടുത്താനും ആത്മാഭിമാനം മുറിപ്പെടുത്താനുമൊക്കെ ഉദ്ദേശിച്ച് മനപൂര്‍വം ചെയ്യുന്നതാണ് ഇതെല്ലാമെന്നു മറ്റൊരു വൈഗൂര്‍ പൗരന്‍ പറഞ്ഞു. ചൈനീസ് ഭരണകൂടത്തിന്റെ ഇത്തരം നിലപാടുകള്‍ക്കെതിരേ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ടെങ്കിലും മുസ് ലിം വിരുദ്ധ നീക്കങ്ങളുമായി മുന്നോട്ടുപോവുകയാണ്.
Muslim mosque demolished and build a public toilet in China