ഡല്‍ഹി വംശീയാതിക്രമം: യുവാവിന് കൈപ്പത്തി നഷ്ടപ്പെട്ടത് ഹിന്ദുത്വരുടെ ബോംബേറില്‍; അപകടമെന്ന് വരുത്തി തീര്‍ത്ത് പോലിസ്
യഥാര്‍ത്ഥവസ്തുത മറച്ചുവച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഫെബ്രുവരി 25ന് ഗുരു തേജ് ബഹദൂര്‍ ആശുപത്രിയില്‍വച്ച് കൈ മുറിച്ചുമാറ്റേണ്ടി വന്ന ജൗളിക്കടയിലെ ജീവനക്കാരനായ അക്രം ഖാന്‍ പറയുന്നു. എഫ്‌ഐആറിന്റെ പകര്‍പ്പ് കൈമാറാന്‍ ഇതുവരെ പോലിസ് തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരേ നടന്ന വംശീയാക്രമണത്തിനിടെ ഹിന്ദുത്വ സംഘം നടത്തിയ ബോംബ് ആക്രമണത്തിലാണ് ഓള്‍ഡ് മുസ്തഫാബാദില്‍ നിന്നുള്ള 22 കാരന് തന്റെ വലതു കൈ പൂര്‍ണമായും ഇടതുകൈയില്‍ ഒരു വിരലും നഷ്ടപ്പെട്ടത്.എന്നാല്‍, ഇതിനെ 'അപകടം' എന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഡല്‍ഹി പോലിസ്. 'അപകടം' എന്ന നിലയിലാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
യഥാര്‍ത്ഥവസ്തുത മറച്ചുവച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഫെബ്രുവരി 25ന് ഗുരു തേജ് ബഹദൂര്‍ ആശുപത്രിയില്‍വച്ച് കൈ മുറിച്ചുമാറ്റേണ്ടി വന്ന ജൗളിക്കടയിലെ ജീവനക്കാരനായ അക്രം ഖാന്‍ പറയുന്നു. എഫ്‌ഐആറിന്റെ പകര്‍പ്പ് കൈമാറാന്‍ ഇതുവരെ പോലിസ് തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രി പാര്‍ക്ക് പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ പകര്‍പ്പ് ന്യൂസ് 18. കോമിന് ലഭിച്ചിട്ടുണ്ട്.
സംഭവത്തെ കേവലം അപകടമായാണ് ഇതില്‍ വിവരിക്കുന്നുത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 279 (റാഷ് െ്രെഡവിങ്), 337 വകുപ്പുകളാണ് ഇതില്‍ ചുമത്തിയിരിക്കുന്നത്. ഫെബ്രുവരി 24ന് ഉച്ചകഴിഞ്ഞ് 2 മണിയോടെ ഖസബ്പുരയിലെ ഇജ്തമയിലേക്കായി വീട്ടില്‍നിന്നിറങ്ങിയതെന്ന് അക്രം ന്യൂസ് 18. കോമിനോട് പറഞ്ഞു. എന്നാല്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ അവിടെ എത്താന്‍ സാധിച്ചില്ല.
'താന്‍ ഭജന്‍പുര മസാറിനടുത്തെത്തിയപ്പോള്‍ ഹിന്ദുത്വര്‍ തന്നെ ആക്രമിച്ചു, താന്‍ ജീവനും കൊണ്ട് ഓടുമ്പോള്‍ മോഹന്‍ നഴ്‌സിംഗ് ഹോമിന് മുകളില്‍ നിന്ന് ഒരു സംഘം ബോംബ് എറിയുകയും അത് തന്റെ തൊട്ടടുത്ത് പതിക്കുകയും ചെയ്തു. ബോധം തെളിയുമ്പോള്‍ പരിക്കുകളോടെ മെഹര്‍ ആശുപത്രിയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി അക്രത്തെ ജിടിബി ആശുപത്രിയിലേക്ക് മാറ്റി. ഒരു ദിവസം കഴിഞ്ഞ് വലതുകൈ മുറിച്ചുമാറ്റി. അണുബാധ മൂലം മാര്‍ച്ചില്‍ ഇടതുകൈയിലെ ചൂണ്ടുവിരലും മുറിച്ചുമാറ്റുകയായിരുന്നുവെന്ന് അക്രം പറഞ്ഞു. സംഭവദിവസം ശാസ്ത്രി പാര്‍ക്ക് പോലിസ് സ്‌റ്റേഷന് അപകടത്തെക്കുറിച്ച് ഒരു കോള്‍ ലഭിച്ചതായും തുടര്‍ന്ന് ഒരു പോലിസുകാരനെ ജിടിബി ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി അയച്ചതായും ഡല്‍ഹി പോലിസ് അധികൃതര്‍ പറഞ്ഞു.
ജിടിബി ആശുപത്രിയില്‍ എത്തിയപ്പോള്‍ അക്രത്തിന്റെ നില ഗുരുതരമായതിനാല്‍ മൊഴി എടുക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. അതിനാല്‍, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് എംഎല്‍സി (മെഡികോലീഗല്‍ കേസ്) അടിസ്ഥാനമാക്കി 'ക്രഷ് ഇന്‍ജുറി' എന്ന നിലയിലായിരുന്നുവെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് 18. കോം റിപോര്‍ട്ട് ചെയ്യുന്നു.
അക്രം ഖാന്റെ മെഡിക്കല്‍ റിപോര്‍ട്ടില്‍ കലാപത്തിനിടെയാണ് രോഗിക്ക് പരിക്കേറ്റതെന്നും 'ഭാവിയില്‍ ഒന്നിലധികം ശസ്ത്രക്രിയകള്‍ ആവശ്യമാണെന്നും' പരാമര്‍ശിക്കുന്നു. എന്നാല്‍, എഫ്‌ഐആറില്‍ കലാപത്തെക്കുറിച്ച് പരാമര്‍ശമില്ല. ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് തന്റെ മൊഴി എടുക്കാന്‍ ഒരു പോലിസുകാരനും വന്നിട്ടില്ലെന്നും ഇതുസംബന്ധിച്ച പോലിസ് വാദം നിഷേധിച്ച് അക്രം ഖാന്‍ പറഞ്ഞു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട പോലിസ് അന്വേഷണം പക്ഷപാതപരമാണെന്ന ആരോപണം ശക്തമായി ഉയരുന്നതിനിടെയാണ് അക്രം ഖാന്റെ ജീവിക്കുന്ന തെളിവുകള്‍ പുറത്തുവരുന്നത്.കലാപത്തില്‍നിന്നു തലനാരിഴക്ക് രക്ഷപ്പെട്ട പലരും പോലീസ് തങ്ങളുടെ പരാതികള്‍ അന്വേഷിക്കാന്‍ കൂട്ടാക്കുന്നില്ലെന്ന് ആരോപിച്ചിരുന്നു.