കാണ്‍പൂരില്‍ മഖ് ബറ കെട്ടിടം തകര്‍ത്ത് ഹിന്ദുത്വര്‍ കാവി നിറം പൂശി

Update: 2021-01-21 08:15 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മുസ് ലിം ആരാധനാലയങ്ങള്‍ക്കു നേരെയുള്ള അതിക്രമത്തിനു അയവില്ല.കാണ്‍പൂര്‍ ടൗണില്‍ ജനുവരി 17ന് മഖ്ബറ കെട്ടിടം തകര്‍ക്കുകയും ഭിത്തിയില്‍ കാവി നിറം പൂശുകയും ചെയ്തു. സംഭവത്തില്‍ 40-50 പേര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഹിന്ദുത്വ സംഘടനകളിലെ വ്യക്തികളാണ് ആക്രമണത്തിനു പിന്നിലെന്ന് കാണ്‍പൂര്‍ നഗരത്തിലെ ഖാസി അബ്ദുല്‍ ഖുദോസ് പറഞ്ഞു. 'കഴിഞ്ഞ മൂന്ന് ദിവസമായി വിശ്വ ഹിന്ദു പരിഷത്തിലെയും ബജ്‌റംഗ്ദളിലെയും അക്രമികള്‍ കുഴപ്പമുണ്ടാക്കുകയാണ്. ഇതുസംബന്ധിച്ച് ബിത്തൂര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ ഒരു നടപടിയും സ്വീകരിച്ചില്ല. പോലിസ് നടപടിയെടുത്തിരുന്നുവെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവര്‍ അതിക്രമിച്ചു കയറി നശിപ്പിക്കുകയും ഭിത്തിയില്‍ 'ജയ് ശ്രീ റാം' എന്നെഴുതിയതായും അദ്ദേഹം പറഞ്ഞു. വിവരം താന്‍ ഡിഐജിയെ അറിയിച്ചതായി ഖാരി അബ്ദുല്‍ ഖുദോസ് പറഞ്ഞു. ഇതിനുശേഷമാണ് പോലിസ് നടപടിയിലെത്തിയത്. എന്നാല്‍ അവര്‍ സ്ഥലത്തെത്തുമ്പോഴേക്കും വളരെ വൈകിപ്പോയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിനു മൂന്ന് ദിവസം കഴിഞ്ഞിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് എസ്എച്ച്ഒ സിങ് ക്ലാരിയന്‍ ഇന്ത്യയോട് പറഞ്ഞു.

    ജനുവരി 17 ന് കാണ്‍പൂരിലെ ബിത്തൂര്‍ പ്രദേശത്തെ രാംധാം ചൗരഹയിലാണ് സംഭവം. പള്ളി മതിലിനും കാവി പൂശിയതായി റിപോര്‍ട്ടുകളുണ്ടെങ്കിലും ബിത്തൂര്‍ പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ കുശാലേന്ദ്ര പ്രതാപ് സിങ് ഇക്കാര്യം നിഷേധിച്ചു. മഖ്ബറ കെട്ടിടത്തിന്റെ പുറം മതിലില്‍ മാത്രമാണ് കാവിനിറം പൂശിയതെന്നും അദ്ദേഹം പറഞ്ഞു. 'പള്ളിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും മസാര്‍ അതുപോലെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, എസ്എച്ച്ഒയുടെ വാദത്തെ ന്യൂസ് 18 ഉറുദു പോലുള്ളവ ഖണ്ഡിക്കുന്നുണ്ട്.

Muslim shrine vandalised, painted with saffron colour in Kanpur

Tags:    

Similar News