സ്‌കൂള്‍ അധികൃതര്‍ ഹാളിലേക്കു കയറ്റിയില്ല; മുസ്‌ലിം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് വരാന്തയില്‍
മുസ് ലിം വിദ്യാര്‍ത്ഥികള്‍ കൊറോണ റെഡ് സോണില്‍ നിന്നാണ് വന്നതെന്ന് ആരോപിച്ചാണ് സ്‌കൂള്‍ അധികൃതരുടെ വിവേചനം. അതേസമയം, റെഡ് സോണില്‍ നിന്നുള്ള നിരവധി ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഹാളുകള്‍ക്കുള്ളില്‍ തന്നെ ഇരിക്കാന്‍ അനുവാദം നല്‍കിയിരുന്നു.
ഇന്‍ഡോര്‍: കൊറോണയുടെ പേരുപറഞ്ഞ് മുസ്‌ലിം വിദ്യാര്‍ഥികളെ ഹാളിലിരുന്ന് പരീക്ഷയെഴുതുന്നത് സ്‌കൂള്‍ അധികൃതര്‍ തടഞ്ഞു. തുടര്‍ന്ന് മുസ് ലിം വിദ്യാര്‍ഥികള്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയത് സ്‌കൂള്‍ വരാന്തയില്‍ വച്ച്. ഇന്‍ഡോറിലെ നവലാഖ പ്രദേശത്തെ 'ബംഗാളി സ്‌കൂളില്‍' ആണ് വിദ്യാര്‍ഥികളോട് കടുത്ത വിവേചനം കാട്ടിയതെന്ന് ഹിന്ദി ദിനപത്രമായ ദൈനിക് ദോപഹാര്‍ റിപോര്‍ട്ട് ചെയ്തു. മുസ് ലിം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതാന്‍ സ്‌കൂളിലെത്തിയപ്പോള്‍ അവരെ സ്‌കൂള്‍ ജീവനക്കാര്‍ തടയുകയായിരുന്നു. മാതാപിതാക്കള്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചെങ്കിലും സ്‌കൂള്‍ അധികൃതര്‍ അനുവദിച്ചില്ല. തുടര്‍ന്ന് കടുത്ത ചൂടുള്ള കാലാവസ്ഥയില്‍ വരാന്തയിലിരുന്നാണ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്.
മുസ് ലിം വിദ്യാര്‍ത്ഥികള്‍ കൊറോണ റെഡ് സോണില്‍ നിന്നാണ് വന്നതെന്ന് ആരോപിച്ചാണ് സ്‌കൂള്‍ അധികൃതരുടെ വിവേചനം. അതേസമയം, റെഡ് സോണില്‍ നിന്നുള്ള നിരവധി ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഹാളുകള്‍ക്കുള്ളില്‍ തന്നെ ഇരിക്കാന്‍ അനുവാദം നല്‍കിയിരുന്നു. റെഡ് സോണ്‍ പ്രദേശങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികളെ പ്രത്യേകം ഇരുത്താമെന്ന് പറഞ്ഞെങ്കിലും അവിടെയുണ്ടായിരുന്നവര്‍ സമ്മതിച്ചില്ല. മുസ് ലിം വിദ്യാര്‍ത്ഥികളെ മാത്രം വരാന്തയില്‍ ഇരുത്തണമെന്നും റെഡ് സോണ്‍ പ്രദേശങ്ങളില്‍ നിന്നുള്ള ഹിന്ദു വിദ്യാര്‍ഥികളെ പരീക്ഷാ ഹാളില്‍ കയറ്റണമെന്നുമായിരുന്നു അവരുടെ ആവശ്യം. ഒടുവില്‍ മുസ് ലിം വിദ്യാര്‍ഥികള്‍ വരാന്തയിലിരുന്ന് പരീക്ഷയെഴുതാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
കൊറോണ വൈറസ് വ്യാപിക്കുമ്പോഴും ഇന്ത്യയില്‍ മുസ് ലിംകളോടുള്ള വിവേചനം വര്‍ധിക്കുകയാണെന്ന് മുസ് ലിം മിറര്‍ റിപോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ മേല്‍ക്കോയ്മാ വാര്‍ത്താ ചാനലുകള്‍ മുസ് ലിംകളെ അപകീര്‍ത്തിപ്പെടുത്തുകയും കൊവിഡ് 19 ന്റെ വാഹകരായി ചിത്രീകരിക്കുകയും ചെയ്തതിന് ശേഷമാണ് ഇത്തരം നിരവധി സംഭവങ്ങള്‍ നടന്നത്. മാര്‍ച്ചില്‍ ന്യൂഡല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍കസില്‍ നടന്ന തബ് ലീഗ് ജമാഅത്ത് പരിപാടിയുമായി ബന്ധപ്പെടുത്തി വ്യാപകമായി മുസ് ലിംകളെ വേട്ടയാടിയിരുന്നു.