ലോക്ക് ഡൗണ്‍ മൂലം മക്കള്‍ക്ക് എത്താന്‍ കഴിഞ്ഞില്ല; ഹിന്ദു ഗൃഹനാഥന്റെ അന്ത്യ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചത് മുസ്‌ലിം യുവാക്കള്‍

ചെന്നൈ അണ്ണാനഗറിലെ ശ്മശാനത്തിലേക്ക് മൃതദേഹം എത്തിക്കാനും ഹൈന്ദവ ആചാര പ്രകാരം അന്ത്യ കര്‍മങ്ങള്‍ നടത്താനും മുസ് ലിം യുവാക്കള്‍ നേതൃത്വം നല്‍കി.

Update: 2020-04-16 11:12 GMT

ചെന്നൈ: ലോക്ക് ഡൗണ്‍ മൂലം മക്കള്‍ക്കും ബന്ധുക്കള്‍ക്കും എത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് അനാഥമായ ഹിന്ദു ഗൃഹനാഥന്റെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ച് മുസ്‌ലിം യുവാക്കള്‍. ഹൃദയാഘാതം മൂലം മരിച്ച തമിഴ്‌നാട് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിലെ റിട്ട. ജോയിന്റ് ഡയറക്ടര്‍ രാമചന്ദ്ര(78)ന്റെ മൃതദേഹമാണ് മുസ് ലിം മുന്നേറ്റ കഴകം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചത്.


ഇക്കഴിഞ്ഞ 11നാണ് രാമചന്ദ്രന്‍ മരിച്ചത്. പുതുക്കോട്ട സ്വദേശിയായ രാമചന്ദ്രന്റെ രണ്ട് പെണ്‍മക്കളില്‍ ഒരാള്‍ അമേരിക്കയിലും ഒരാള്‍ ചെന്നൈയിലുമാണ് താമസം. ലോക്ക് ഡൗണിനെ തുടര്‍ന്ന് ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും അന്ത്യ കര്‍മങ്ങള്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യമായിരുന്നു. വിവരം അറിഞ്ഞ സെന്‍ട്രല്‍ ചെന്നൈയിലെ മുസ് ലിം മുന്നേറ്റ കഴകം(ടിഎംഎംകെ) പ്രവര്‍ത്തകര്‍ വീട്ടുകാരെ സഹായിക്കാന്‍ തയ്യാറാവുകയായിരുന്നു. ചെന്നൈ അണ്ണാനഗറിലെ ശ്മശാനത്തിലേക്ക് മൃതദേഹം എത്തിക്കാനും ഹൈന്ദവ ആചാര പ്രകാരം അന്ത്യ കര്‍മങ്ങള്‍ നടത്താനും മുസ് ലിം യുവാക്കള്‍ നേതൃത്വം നല്‍കി.

മുസ് ലിം മുന്നേറ്റ കഴകം സെന്‍ട്രല്‍ ചെന്നൈ ജില്ലാ ഖജാഞ്ചി മുഹമ്മദലി, ഭാരവാഹികളായ തമീം അന്‍സാരി, മുത്തു മുഹമ്മദ്, സദ്ദാം ഹുസൈന്‍, നിസാമുദ്ദീന്‍, സാക്കിര്‍ ഹുസൈന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്ത്യകര്‍മങ്ങള്‍ നടന്നത്.

അന്ത്യ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ച മുസ് ലിം മുന്നേറ്റ കഴകം പ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തെ രാമചന്ദ്രന്റെ മരുമകന്‍ മാണിക്യവാസകം ഏറെ നന്ദിയോടെയാണ് സ്മരിച്ചത്. മുസ് ലിം മുന്നേറ്റ കഴകം പ്രവര്‍ത്തകരുടെ സഹായം ഒരിക്കലും മറക്കാനാവാത്തതാണെന്ന് മാണിക്യവാസകം പ്രതികരിച്ചു. രാമചന്ദ്രന്‍ 20 കൊല്ലമായി അണ്ണാനഗറിലെ കലക്ടര്‍ കോളനിയില്‍ താമസിക്കുന്നുണ്ടെന്നും അദ്ദേഹത്തിന് നിരവധി മുസ് ലിം സുഹൃത്തുക്കള്‍ ഉണ്ടെന്നും മാണിക്യവാസകം പറഞ്ഞു. 

Tags:    

Similar News