സയണിസത്തിനെതിരേ മുസ്‌ലിംകള്‍ ഐക്യപ്പെടണം: സയ്യിദ് അബ്ദുല്‍മാലിക് അല്‍ഹൂത്തി

ഓരോ തവണയും ഇസ്രായേല്‍ അതിക്രമം വര്‍ധിപ്പിക്കുമ്പോള്‍ മുസ്‌ലിം രാജ്യങ്ങളുടെ ഉത്തരവാദിത്തം വര്‍ധിക്കുകയാണ്.

Update: 2024-10-25 12:41 GMT

സന്അ: സയണിസത്തിനെതിരേ മുസ്‌ലിംകള്‍ ഐക്യപ്പെടണമെന്ന് യെമനിലെ അന്‍സാറല്ല(ഹുത്തി)യുടെ പരമോന്നത നേതാവ് സയ്യിദ് അബ്ദുല്‍ മാലിക് അല്‍ഹൂത്തി. അമേരിക്കയുടെയും പടിഞ്ഞാറന്‍ രാജ്യങ്ങളുടെയും പിന്തുണയുള്ള ഇസ്രായേലി ശത്രുവിനെതിരായ പോരാട്ടങ്ങളില്‍ മുസ്‌ലിംകള്‍ ഫലസ്തീനികളുമായി ഐക്യപ്പെടണം.

''വംശഹത്യയും സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കലും യുദ്ധവിജയമാണെന്നാണ് ഇസ്രായേല്‍ കരുതുന്നത്. ഗസയിലും ലെബനാനിലും എല്ലാ യുദ്ധമുന്നണികളിലും ഇസ്രായേല്‍ സൈനികമായി പരാജയപ്പെടുകയാണ്. അതിന്റെ തെളിവുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.''-സയ്യിദ് അബ്ദുല്‍മാലിക് അല്‍ഹൂത്തി പറഞ്ഞു.

ഇസ്രായേലി സൈന്യത്തിനായി അമേരിക്ക സ്വന്തം ആയുധപ്പുരകള്‍ തുറന്നു കൊടുത്തിരിക്കുകയാണ്. ജര്‍മനിയും ഫ്രാന്‍സും ബ്രിട്ടനും എല്ലാ സഹായങ്ങളും നല്‍കുന്നു. എന്നാല്‍ അറബികള്‍ ഗസയെ പിന്തുണക്കുകയെന്ന വിശുദ്ധ കടമയെ അവഗണിക്കുകയാണ്. ഇസ്രായേല്‍ സൈന്യം അതിക്രൂരമായ അതിക്രമങ്ങളാണ് നടത്തുന്നത്. ഇപ്പോള്‍ വടക്കന്‍ ഗസയിലാണ് അവര്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. മനുഷ്യത്വത്തിന്റെ തരിമ്പെങ്കിലും ബാക്കിയുള്ളവര്‍ പ്രതിഷേധിക്കേണ്ടതാണ്. ഗസ മുനമ്പിലെ ജനങ്ങള്‍ക്കെതിരേ ഇത്രയും ക്രൂരമായ ആക്രമണങ്ങള്‍ നടക്കുമ്പോള്‍ ഒരു സഹായവും നല്‍കാത്തത് ഇസ്‌ലാമിക രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം പാപകൃത്യമാണ്.

ഗസയിലെ ക്രൂരതകള്‍ ലാറ്റിന്‍ അമേരിക്കയിലെ മുസ്‌ലിം ഇതര രാജ്യങ്ങളുടെ മനസാക്ഷിയെ പോലും ഉണര്‍ത്തി. അതിനാല്‍ അവര്‍ പലതരത്തില്‍ സയണിസത്തിനെതിരേ പ്രതിഷേധിക്കുന്നു. ഇത് പോലും അറബ് രാജ്യങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നില്ല. ഗസയില്‍ സയണിസം ചെയ്യുന്ന ക്രൂരതകള്‍ക്ക് തുല്യമായ ഒരു പ്രതികരണവും നടത്താന്‍ അറബ് രാജ്യങ്ങള്‍ക്ക് കഴിയുന്നില്ല.

ഗസക്കു വേണ്ടി യൂറോപ്പിലും അമേരിക്കയിലും ജനങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കുന്നു. അതേസമയം, നമ്മുടെ സ്വന്തം അറബ് രാജ്യങ്ങളിലെ ജനങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് വേര്‍പ്പെട്ടെന്ന പോലെ പെരുമാറുന്നു. അറബ് രാജ്യങ്ങളുടെ ഈ അവഗണന അറബ് ഇതര രാജ്യങ്ങളെയും സ്വാധീനിക്കുന്നു. ഗസയില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ നിഷ്പക്ഷത പാലിക്കുന്നവരുടേത് അധാര്‍മികമായ മനസാണ്. ഓരോ തവണയും ഇസ്രായേല്‍ അതിക്രമം വര്‍ധിപ്പിക്കുമ്പോള്‍ മുസ്‌ലിം രാജ്യങ്ങളുടെ ഉത്തരവാദിത്തം വര്‍ധിക്കുകയാണ്.

ഇസ്‌ലാമിന്റെ വിശുദ്ധിയും സത്യവും സയണിസ്റ്റ് പദ്ധതികള്‍ക്ക് തടസമാണ്. അതിനാല്‍ ഇസ്‌ലാമിക തത്വങ്ങളെ ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്ന് അകറ്റാനാണ് സയണിസ്റ്റുകള്‍ ശ്രമിക്കുന്നത്. സയണിസ്റ്റ് പദ്ധതികള്‍ക്കെതിരേ എത്രയും വേഗം വിശുദ്ധ യുദ്ധം നടത്തുന്നത് സമയവും വിഭവങ്ങളും സംരക്ഷിക്കാനും സഹായിക്കും. ഗസയിലും ലെബനാനിലും യെമനിലും ഇറാഖിലും ഇറാനിലും അതാണ് നടക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഗസയിലെ പ്രതിരോധം അതിശക്തമായി തുടരുകയാണ്. ലെബനാനിലെ യുദ്ധ മുന്നണിയും സജീവമാണ്. അവിടത്തെ ഗ്രാമങ്ങള്‍ പോലും കീഴടക്കാന്‍ സയണിസ്റ്റുകള്‍ക്ക് കഴിഞ്ഞിട്ടില്ല. 2006ലെ യുദ്ധത്തില്‍ ഹിസ്ബുല്ല കഴിവ് തെളിയിച്ചതാണ്. അമേരിക്കയുടെയും ബ്രിട്ടന്റെയും ഇസ്രായേലിന്റെയും സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും യെമന്‍ ഫലസ്തീനികള്‍ക്ക് പിന്തുണ നല്‍കുന്നു. ഇറാഖിലെ പ്രതിരോധപ്രസ്ഥാനവും സ്ഥിരമായി ആക്രമണം നടത്തുന്നതായും സയ്യിദ് അബ്ദുല്‍മാലിക് അല്‍ഹൂത്തി ചൂണ്ടിക്കാട്ടി.

Tags:    

Similar News