അമേരിക്കയുടെ യുദ്ധക്കപ്പലുകളെ ആക്രമിച്ച് ഹൂത്തികള്‍

എട്ടു മണിക്കൂര്‍ നീണ്ടു നിന്ന ഓപ്പറേഷനില്‍ എട്ട് ഡ്രോണുകളും അഞ്ച് ആന്റി ഷിപ്പ് ബലിസ്റ്റിക് മിസൈലുകളും മൂന്ന് ആന്റി ഷിപ്പ് ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചതായി അന്‍സാറുല്ല സൈനിക വക്താവ് യഹ്‌യാ സാരി അറിയിച്ചു.

Update: 2024-11-13 01:26 GMT

സന്‍ആ: അമേരിക്കയുടെ വിമാനവാഹിനി കപ്പലുകള്‍ക്ക് നേരെ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ട് യെമനിലെ ഹൂത്തികള്‍. അറബിക്കടലിലും ബാബ് അല്‍ മന്ദാബ് കടലിടിക്കിലുമാണ് ആക്രമണം നടന്നത്.

എട്ടു മണിക്കൂര്‍ നീണ്ടു നിന്ന ഓപ്പറേഷനില്‍ എട്ട് ഡ്രോണുകളും അഞ്ച് ആന്റി ഷിപ്പ് ബലിസ്റ്റിക് മിസൈലുകളും മൂന്ന് ആന്റി ഷിപ്പ് ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചതായി അന്‍സാറുല്ല സൈനിക വക്താവ് യഹ്‌യാ സാരി അറിയിച്ചു. കഴിഞ്ഞ ദിവസം യെമനിലെ സന്അയിലും മറ്റും യുഎസും ബ്രിട്ടനും വ്യോമാക്രമണം നടത്തിയിരുന്നു. അതിന് മറുപടിയായാണ് അമേരിക്കയുടെ സുപ്രധാനമായ വിമാന വാഹിനി കപ്പലുകളെ ആക്രമിച്ചിരിക്കുന്നത്.

അറബിക്കടലിലും ബാബ് അല്‍ മന്ദബിലും രണ്ടു പടക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടതായി അമേരിക്കന്‍ പ്രതിരോധമന്ത്രാലയത്തിന്റെ ആസ്ഥാനമായ പെന്റഗണിന്റെ വക്താവ് എയര്‍ ഫോഴ്‌സ് മേജര്‍ ജനറല്‍ പാട്രിക് റൈഡര്‍ അറിയിച്ചു. ഇവയെ വായുവില്‍ വച്ച് തന്നെ തകര്‍ത്തുവെന്നും കപ്പലുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

യുഎസ് എസ് എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനി കപ്പലാണ് ആക്രമിക്കപ്പെട്ടിരിക്കുന്നത്. 1984ല്‍ നിര്‍മാണം ആരംഭിച്ച് 1988ല്‍ കമ്മീഷന്‍ ചെയ്ത കപ്പല്‍ നിര്‍മിക്കാന്‍ 56000 കോടി രൂപ ചെലവായിട്ടുണ്ട്. 1092 അടി നീളവും 252 അടി വീതിയും ഉള്ള കപ്പലാണിത്. 41 അടി ആഴമുള്ള കപ്പല്‍ ചാലിലൂടെ മാത്രമേ ഇതിന് സഞ്ചരിക്കാനാവു. കേരളത്തിലെ വിഴിഞ്ഞം തുറമുഖത്തിലെ കപ്പല്‍ചാലിന്റെ ആഴം 20 മീറ്റര്‍ മാത്രമാണ്.

യുഎസ് എസ് എബ്രഹാം ലിങ്കണില്‍ ഏകദേശം 4.5 ഏക്കര്‍ സ്ഥലം സൈനികപ്രവര്‍ത്തനങ്ങള്‍ക്കായുണ്ട്. ഏകദേശം പതിനായിരത്തോളം സൈനികര്‍ ഒരു സമയം ഈ കപ്പലിലുണ്ടാവും. പലതരത്തിലുള്ള മിസൈലുകളും മറ്റും ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കപ്പലിലുണ്ട്.

Tags:    

Similar News