പടക്കപ്പലിനെ ആക്രമിച്ചത് യുഎസിന് ക്ഷീണമായി: സയ്യിദ് അബ്ദുല്‍ മാലിക് ബദറുദ്ദീന്‍ അല്‍ ഹൂത്തി
ആക്രമണത്തിന് ഇരയായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എന്ന പടക്കപ്പല്‍ നൂറുകണക്കിന് മൈല്‍ ദൂരത്തേക്ക് മാറിയെന്നും സയ്യിദ് അബ്ദുല്‍ മാലിക് ബദറുദ്ദീന്‍ അല്‍ ഹൂത്തി പറഞ്ഞു.
സന്ആ: ബാബ് അല്‍ മന്ദെബ് കടലിടുക്കില്‍ പടക്കപ്പലുകളെ ആക്രമിച്ചത് അമേരിക്കക്ക് ക്ഷീണമായെന്ന് യെമനിലെ അല്‍സാറുല്ല പ്രസ്ഥാനത്തിന്റെ പരമോന്നത നേതാവ് സയ്യിദ് അബ്ദുല്‍ മാലിക് ബദറുദ്ദീന്‍ അല്‍ ഹൂത്തി. ആക്രമണത്തിന് ഇരയായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എന്ന പടക്കപ്പല്‍ നൂറുകണക്കിന് മൈല്‍ ദൂരത്തേക്ക് മാറിയെന്നും സയ്യിദ് അബ്ദുല്‍ മാലിക് ബദറുദ്ദീന്‍ അല്‍ ഹൂത്തി പറഞ്ഞു.
ആക്രമണങ്ങള്‍ക്ക് ശേഷം ഒരു അമേരിക്കന്‍ പടക്കപ്പലും ചെങ്കടലിലേക്ക് വന്നിട്ടില്ല. അമേരിക്കന്‍ പടക്കപ്പലുകള്‍ ഇപ്പോള്‍ രഹസ്യമായി ഒമാന്‍ ഉള്‍ക്കടലിലും അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും കറങ്ങി നടക്കുകയാണ്. ചില സമയങ്ങളില്‍ അവയെ ആഫ്രിക്കന്‍ തീരങ്ങളുടെ സമീപവും കാണുന്നുണ്ട്.''-സയ്യിദ് അബ്ദുല്‍ മാലിക് ബദറുദ്ദീന്‍ അല്‍ ഹൂത്തി പറഞ്ഞു.
ദൈവത്തിന്റെ സഹായമുള്ളതിനാലാണ് യെമന് അമേരിക്കന്‍ പടക്കപ്പലിനെ ആക്രമിക്കാന്‍ കഴിഞ്ഞത്. വിശ്വാസത്തിലും ഖുര്‍ആനിലും അധിഷ്ടിതമായ ആക്രമണമാണ് യെമന്‍ നടത്തിയിരിക്കുന്നത്. ചെങ്കടലിലെ രണ്ടു അമേരിക്കന്‍ പടക്കപ്പലുകളെയും ഞങ്ങള്‍ ലക്ഷ്യമിട്ടിരുന്നു. അവരും ചെങ്കടല്‍ വിട്ടുപോയി. യെമന് നേരെ കനത്ത വ്യോമാക്രണം നടത്തുന്ന സമയത്ത് തന്നെയാണ് ഞങ്ങള്‍ തിരിച്ചടിച്ചിരിക്കുന്നത്. ഗസയിലെ ഇസ്രായേല്‍ അധിനിവേശത്തിന് അമേരിക്ക പിന്തുണ നല്‍കുന്നിടത്തോളം കാലം ആക്രമണങ്ങളും തുടരും.
ഈ ആഴ്ച്ച മാത്രം അമേരിക്കക്കും ഇസ്രായേലിനും എതിരെ 29 ബാലിസ്റ്റിക് മിസെലുകളും ഡ്രോണുകളുമാണ് ഹൂത്തികള്‍ ഉപയോഗിച്ചത്. ഇസ്രായേലിന് അകത്തെ ജഫ, അഷ്‌കലോന്‍, അല്‍ റഷ്‌റാഷ് എന്നീ പ്രദേശങ്ങളും നെഗാവ് മരുഭൂമിയിലെ വ്യോമതാവളവും ആക്രമിച്ചതായും അദ്ദേഹം കൂട്ടിചേര്‍ത്തു.