വാര്‍ത്തയുടെ പേരില്‍ ക്രൈംബ്രാഞ്ച്‌ അന്വേഷണം; മാധ്യമ അടിയന്തരാവസ്ഥ: അന്‍സാരി ഏനാത്ത്

Update: 2024-12-22 02:20 GMT

തിരുവനന്തപുരം: വാര്‍ത്ത റിപോര്‍ട്ട് ചെയ്തതിനു മാധ്യമം ദിനപത്രത്തിന്റെ ലേഖകനെതിരായ ക്രൈംബ്രാഞ്ച്‌ അന്വേഷണം മാധ്യമ അടിയന്തരാവസ്ഥയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്. മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് നാഴികയ്ക്ക് നാല്‍പ്പത് വട്ടം അധരവ്യായാമം നടത്തുന്ന ഇടതുസര്‍ക്കാര്‍ നടപടി അങ്ങേയറ്റം അപലപനീയമാണ്.

ലേഖകന്റെ പേര് വച്ചു പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്ക് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച അതേ അന്വേഷണ ഉദ്യോഗസ്ഥന്‍ വാര്‍ത്ത നല്‍കിയ റിപോര്‍ട്ടറുടെ പേരും വിലാസവും ഫോണ്‍ നമ്പരും ഇ മെയില്‍ ഐഡിയുമെല്ലാം രേഖാമൂലം ഹാജരാക്കണമെന്നാവശ്യപ്പെട്ടു പത്രത്തിന്റെ ചീഫ് എഡിറ്റര്‍ക്കു വീണ്ടും നോട്ടീസ് അയയ്ക്കുക കൂടി ചെയ്തിരിക്കുന്നു. ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവുമൊക്കെ കൊട്ടിഘോഷിക്കുന്ന കാലത്താണ് ഇതൊക്കെ നടക്കുന്നത്. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ ബാധിക്കാനിടയുള്ള വിഷയം വാര്‍ത്തയാക്കുകയും അതിന് ആധാരമായ രേഖകള്‍ പുറത്തുവിടുകയും ചെയ്യുന്നത്? മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണ്. ജനപക്ഷത്തു നിന്നു വാര്‍ത്ത ചെയ്യുകയെന്നതാണ് മാധ്യമ ധര്‍മം. സര്‍ക്കാരിനെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും വാഴ്ത്തുകയും പുകഴ്ത്തുകയുകയും ചെയ്യുകയല്ല മാധ്യമങ്ങളുടെ ജോലി. മാധ്യമ സ്വാതന്ത്ര്യത്തിനു വിരുദ്ധമായ ക്രൈംബ്രാഞ്ച്‌ അന്വേഷണം അടിയന്തരമായി നിറുത്തിവയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും അന്‍സാരി ഏനാത്ത് ആവശ്യപ്പെട്ടു.

Similar News