ക്ഷേത്രത്തില്‍ മട്ടന്‍ ബിരിയാണി പ്രസാദം...!; ഇത് മുനിയാണ്ടി ഉല്‍സവം
സ്വാമി മുനിയാണ്ടി ക്ഷേത്രത്തിലെ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഉല്‍സവത്തിനായി 2000 കിലോയിലേറെ ബിരിയാണിയും മട്ടനുമാണ് പാചകം ചെയ്യുന്നത്
മധുരൈ: ക്ഷേത്രത്തിലെത്തുന്നവര്‍ക്കു പ്രസാദമായി നല്‍കുന്നത് നല്ല ചൂടുള്ള മട്ടന്‍ ബിരിയാണി...!. ഞെട്ടേണ്ട, തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ തിരുമംഗലം താലൂക്കിലെ വടക്കാംപട്ടി എന്ന ഗ്രാമത്തിലെ മുനിയാണ്ടി ക്ഷേത്രത്തിലാണ് പ്രസാദമായി മട്ടന്‍ ബിരിയാണി കൊടുക്കുന്നത്. ക്ഷേത്രങ്ങളില്‍ നിന്നു പലവിധം പ്രസാദം നല്‍കുന്നത് കേട്ട നമ്മള്‍ പലരും അപൂര്‍വമായ ഇത്തരമൊരു പ്രസാദവിതരണത്തെ കുറിച്ച് അറിഞ്ഞുകാണില്ല. വാര്‍ഷികാഘോഷത്തിലാണ് നോണ്‍വെജ് പ്രസാദം വിതരണം ചെയ്യുന്നത്. ഭക്തര്‍ക്കു മാത്രമല്ല, വടക്കാംപട്ടിയില്‍ ഉല്‍സവ ദിനമായ ജനുവരി 25നെത്തുന്ന എല്ലാവര്‍ക്കും മട്ടന്‍ ബിരിയാണി ലഭിക്കും. ഗോസംരക്ഷണത്തിന്റെ പേരുപറഞ്ഞ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആള്‍ക്കൂട്ടക്കൊലകള്‍ നടക്കുമ്പോഴാണ് ഒരു ക്ഷേത്രത്തില്‍ ബിരിയാണി പ്രസാദം എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ 83 വര്‍ഷമായി ഈ പാരമ്പര്യം നിലനിര്‍ത്തിപോവുന്നുണ്ട്. സ്വാമി മുനിയാണ്ടി ക്ഷേത്രത്തിലെ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഉല്‍സവത്തിനായി 2000 കിലോയിലേറെ ബിരിയാണിയും മട്ടനുമാണ് പാചകം ചെയ്യുന്നത്. 50 സ്റ്റൗ പാത്രങ്ങളിലായി പുലര്‍ച്ചെ നാലുമണി മുതല്‍ പാചകം ചെയ്യാന്‍ തുടങ്ങുമെന്നും ആദ്യവിതരണം അഞ്ചു മണിക്ക് ആരംഭിക്കുമെന്നും
സംഘാടക സമിതി അംഗമായ എന്‍ മുനീശ്വരന്‍ പറഞ്ഞു. പ്രാതലിനു പോലും എല്ലാവരും ബിരിയാണിയാണു കഴിക്കുക. അതില്‍ ഒരു വിവേചനവും കാണിക്കാറില്ല. ഇവിടെയെത്തുന്നവര്‍ക്കെല്ലാം നല്‍കും. ഏതു പ്രായത്തിലുള്ളവരും ഭക്ഷണത്തിനു വേണ്ടി പാത്രവുമായി ക്യൂവിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്കു മാത്രമല്ല. ഞങ്ങളുടെ ദൈവം മുനിയാണ്ടിക്കും ബിരിയാണി ഏറെ ഇഷ്ടമാണെന്നു പ്രദേശവാസിയായ ശാന്തകുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 200 ആടുകളെയും 250 പൂവന്‍ കോഴികളെയുമാണ് പാചകത്തിനായി അറുത്തത്. 1800 കിലോ ബിരിയാണിയാണു വച്ചത്. ഇത്തവണ അതില്‍ കൂടുമെന്നും ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. വടക്കുംപാട്ടിയിലെ എല്ലാ ജനങ്ങളും ബിരിയാണി ഏറെ ഇഷ്ടപ്പെടുന്നവരാണ്. ഇവിടുത്തെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലായ മധുരൈ ശ്രീ മുനിയാണ്ടി വിലാസിനും ഇതു തന്നെയാണു പറയാനുള്ളത്. ദക്ഷിണേന്ത്യയിലെ 1000ത്തിലേറെ ഔട്ട്‌ലെറ്റുകളിലൂടെ മട്ടന്‍ ഡിഷും ബിരിയാണിയും വിതരണം ചെയ്യുന്നുണ്ട്. കരായിക്കുടിയില്‍ ദ്യത്തെ മുനിയാണ്ടി വിലാസ് ഹോട്ടല്‍ സ്ഥാപിച്ച ഞങ്ങളുടെ നാട്ടുകാരനായ എസ് വി എസ് ശുബ്ബ നായിഡുവാണ് ഉല്‍സവത്തിന്റെ പ്രചോദനം. അദ്ദേഹവും കുടുംബവും വടക്കാംപട്ടിയില്‍ നിരവധി റസ്റ്റോറന്റുകള്‍ തുടങ്ങുകയായിരുന്നുവെന്നും മുനീശ്വരന്‍ പറഞ്ഞു. മുനിയാണ്ടി ക്ഷേത്രത്തിലെ ബിരിയാണി ഫെസ്റ്റിവല്‍ ജനുവരി 24 മുതല്‍ 26 വരെയാണ്. മധുരൈയില്‍ നിന്ന് 45ഉം വിരുതുനഗറില്‍ നിന്ന് 20 കിലോമീറ്ററും ദൂരെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.