തിരുവനന്തപുരം: കോണ്‍ഗ്രസ് എപ്പോഴും ബിജെപിയാവുന്ന സാഹചര്യത്തിലൂടെയാണ് നാട് പോയിക്കൊണ്ടിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തില്‍ രണ്ടക്കം കിട്ടുമെന്ന് നരേന്ദ്രമോദി പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോഴാണ് മനസ്സിലായത്. ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റും കിട്ടില്ലെന്നിരിക്കെ ആരുടെ സീറ്റിനെ കുറിച്ചാണ് മോദി പറഞ്ഞതെന്ന് കൗതുകപൂര്‍വം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 200ഓളം മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും ഇപ്പോള്‍ ബി.ജപിയിലാണ്. മൂന്ന് പിസിസി പ്രസിഡന്റുമാര്‍ ഇപ്പോള്‍ ബിജെപി നേതാക്കളായി മാറി. പത്മജ വേണുഗോപാല്‍ കഴിഞ്ഞ ദിവസം പ്രതാപന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അവരാണ് ഇപ്പോള്‍ കാലുമാറി ബിജെപിയില്‍ പോയത്. ബിജെപിയിലേക്ക് പോവുന്ന സാഹചര്യം തള്ളാത്തയാളാണ് കോണ്‍ഗ്രസിനെ നയിക്കുന്ന കെപിസിസി പ്രസിഡന്റ് എന്നും ഗോവിന്ദന്‍ പറഞ്ഞു. അതേസമയം, ഇടുക്കിയിലെ സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോവില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. പോവില്ലെന്നാണ് രാജേന്ദ്രന്‍ പറഞ്ഞത്. രാജേന്ദ്രനുമായി താന്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ നടപടി കാലാവധി കഴിഞ്ഞാല്‍ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിപ്പിക്കുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.