'ന്നാ താന്‍ കേസ് കൊട്'; 'വഴിയില്‍ കുഴിയുണ്ട്' എന്ന പരസ്യവാചകം വെറും ട്രോളല്ല
എന്‍ എം സിദ്ദീഖ്
അത്യന്തം നര്‍മ്മവും സാമൂഹിക വിമര്‍ശവും കാലികതയും ഒത്തിണങ്ങിയ 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമ അപാരമായ ടൈമിങ്ങിലാണ് തീയേറ്ററിലെത്തിയത്. മലയാളത്തില്‍ രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമകള്‍ മുമ്പുമുണ്ടായിട്ടുണ്ട്. 'പഞ്ചവടിപ്പാല'മൊക്കെ ആ ഗണത്തിലാണ് വരിക. എന്നാല്‍ 'ന്നാ താന്‍ കേസ് കൊട്' ശ്രദ്ധേയമായത് നിശിതമായ കാലികതയിലാണ്.
റോഡിലെ കുഴിയില്‍ വീണ് മരിച്ച ഇരുചക്രവാഹന യാത്രികന്റെ ദാരുണാന്ത്യം, കുഴിയടക്കാന്‍ കച്ചകെട്ടിയ പൊതുമരാമത്ത് മന്ത്രിയുടെ അപഹാസ്യ നടപടികള്‍, കുഴികളില്‍ വാഴവെക്കുന്ന പൊതുപ്രവര്‍ത്തകര്‍, ഹെല്‍മറ്റിലെ കാമറ തുടങ്ങി നിരവധി സജീവമായ ചര്‍ച്ചാവിഷയങ്ങള്‍ സിനിമയില്‍ പ്രവചനസ്വഭാവത്തോടെ വരുന്നു. 'തീയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന റിലീസിങ്ങ് പരസ്യവാചകവും കൂടെയായപ്പോള്‍ തികഞ്ഞു, സിനിമാവിജയം സമ്പൂര്‍ണമായി.
കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന നായകകഥാപാത്രം കൊഴുമ്മല്‍ രാജീവന് റോഡിലെ കുഴി കാരണം സംഭവിക്കുന്ന അപകടവും തുടര്‍ന്ന് കേസും കൗണ്ടര്‍ കേസുമായി വികസിക്കുന്ന പ്രമേയവുമായി നായികയുടെ ഗര്‍ഭത്തോടൊപ്പം വളരുന്ന സിനിമയില്‍ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ശില്‍പ്പഭദ്രമായി സിനിമയൊരുക്കിയിട്ടുണ്ട്.
കാസര്‍ഗോഡ് വാമൊഴിയുടെ ചാതുരിയില്‍ തികച്ചും സ്വാഭാവികവും സാധാരണവും നിത്യജീവിത ഗന്ധിയായ നിരവധി സന്ദര്‍ഭങ്ങളുമായി 'ന്നാ താന്‍ കേസ് കൊട്' മികച്ച സിനിമാനുഭമാവുകയാണ്. കുഞ്ചാക്കോ ബോബന്റെ കൊഴുമ്മല്‍ രാജീവനായുള്ള പകര്‍ന്നാട്ടം അതിശയിപ്പിക്കുന്നതാണ്.
കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബന്റെ അത്യധികം സ്വാഭാവികത്തികവുള്ള അഭിനയത്തിലും നാടന്‍ ഗെറ്റപ്പിലും സിനിമ അങ്ങേയറ്റം ദൃശ്യക്ഷമമാവുകയാണ്. നര്‍മ്മത്തിന്റെ സാധ്യതയത്രയും സംവിധായകന്‍ സിനിമയില്‍ വിളക്കിയിട്ടുണ്ട്. മജിസ്‌ട്രേട്ടും അഭിഭാഷകരും സാക്ഷികളും മന്ത്രിയും എംഎല്‍എയുമൊക്കെ അമിതമെന്ന് പറയാവുന്ന ഹാസ്യത്തിനിണങ്ങിയ വിചിത്ര ഭാവഹാവാദികളില്‍ നിറയുന്ന സിനിമ മികച്ച സാമൂഹിക വിമര്‍ശത്തിലൂടെ രാഷ്ട്രീയം പറയുന്നുണ്ട്. സിനിമയിലധികനേരവും കോടതിമുറിയാണ് ചിത്രീകരിക്കുന്നത്. പാവപ്പെട്ട ഒരു സാധാരണക്കാരന്റെ നിയമപ്പോരാട്ടം പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തരം ഉദ്വേഗതയില്‍ അണിയിച്ചൊരുക്കിയ സിനിമാ പിന്നണിക്കാര്‍ മലയാള സിനിമയില്‍ വലിയ വാഗ്ദത്തമാണ്.