അഫ്‌സ്പ പിന്‍വലിക്കണമെന്ന് നാഗാലാന്‍ഡ് ആവശ്യപ്പെട്ടത് സന്തോഷകരം: ഇറോം ഷര്‍മിള
നാഗാലാന്‍ഡിലെ കൂട്ടക്കൊലക്ക് ശേഷമെങ്കിലും ഭരണാധികാരികള്‍ കണ്ണുതുറക്കണം.അഫ്‌സ്പ അടിച്ചമര്‍ത്തല്‍ നിയമം മാത്രമല്ല, മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനം കൂടിയാണ്, ഇറോം ഷര്‍മിള പറഞ്ഞു
ഇംഫാല്‍: അഫ്‌സ്പ പിന്‍വലിക്കണമെന്ന് നാഗാലാന്‍ഡ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത് സന്തോഷമുള്ള കാര്യമാണെന്നു മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ഷര്‍മിള. കേന്ദ്രത്തിലെ ഭരണാധികാരികള്‍ ഏത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ അനുകൂല തീരുമാനമെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 'അഫ്‌സ്പ' പിന്‍വലിക്കാനുള്ള സമയം അതിക്രമിച്ചു. ഇറോം ഷര്‍മിള സര്‍ക്കാറിനെ ഓര്‍മ്മപ്പെടുത്തി. സ്വകാര്യ മലയാള ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇറോം ഷര്‍മിള നിലപാട് ആവര്‍ത്തിച്ചത്. സായുധ സേനകള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പക്കെതിരേ മണിപ്പൂരില്‍ 16 വര്‍ഷം നിരാഹാര സമരം നടത്തിയ വ്യക്തിയാണ് ഇറോം ഷര്‍മിള. 2016 ആഗസ്റ്റിലാണ് അവര്‍ നിരാഹാര സമരം അവസാനിപ്പിച്ചത്.
നാഗാലാന്‍ഡിലെ കൂട്ടക്കൊലക്ക് ശേഷമെങ്കിലും ഭരണാധികാരികള്‍ കണ്ണുതുറക്കണം. ഇറോം ഷര്‍മിള പറഞ്ഞു. അഫ്‌സ്പ അടിച്ചമര്‍ത്തല്‍ നിയമം മാത്രമല്ല, മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനം കൂടിയാണ്, മനുഷ്യജീവനുകളെ ഇത്ര വിലകുറച്ച് കാണരുതെന്നും അവര്‍ പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ഇത് എത്രകാലം സഹിച്ച് മുന്നോട്ടുപോകാന്‍ സാധിക്കുമെന്നും ഇറോം ഷര്‍മിള ചോദിച്ചു. നാഗാലാന്‍ഡിലെ മോണില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 15 ഗ്രാമീണര്‍ കൊല്ലപ്പെട്ടിരുന്നു. കല്‍ക്കരി ഖനിയില്‍ ജോലി കഴിഞ്ഞു മടങ്ങിവരികയായിരുന്ന ഗ്രാമീണരാണ് സൈന്യത്തിന്റെ നടപടിയില്‍ കൊല്ലപ്പെട്ടത്. അക്രമികളാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നാണ് സൈന്യം ഇതുസംബന്ധിച്ച് വിശദീകരിച്ചത്. സംശയം തോന്നുന്ന ആരെയും മുന്‍ കൂര്‍ അനുമതിയില്ലാതെ വെടിവെക്കാന്‍ സൈന്യത്തിന് അധികാരം നല്‍കുന്ന വകുപ്പ് അഫ്‌സ്പ നിയമത്തില്‍ ഉണ്ടായതിനാലാണ് ഇത്തരത്തില്‍ സൈന്യം പെരുമാറുന്നത്.