ഇറോം ശര്‍മിള ഇരട്ടക്കുട്ടികള്‍ക്കു ജന്‍മം നല്‍കി
അമ്മയും കുഞ്ഞുങ്ങളും സുഖം പ്രാപിച്ചതായും ഇവരുടെ പടങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്നും ആശുപത്രി വക്താവ് അറിയിച്ചു
ബംഗ്ലൂരു: അഫ്‌സ്പ (ആംഡ് ഫോഴ്‌സ് സ്‌പെഷല്‍ പവേഴ്‌സ് ആക്റ്റ്) എന്ന ജനവിരുദ്ധ നിയമത്തിനെതിരേ 16 വര്‍ഷത്തോളം നിരാഹാര സമരം നയിച്ച് ലോകശ്രദ്ധയാകര്‍ഷിച്ച മണിപ്പൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള ലോക മാതൃദിനത്തില്‍ ഇരട്ടക്കുട്ടികള്‍ക്കു ജന്‍മം നല്‍കി.
ബംഗ്ലൂരുവിലെ ക്ലൗഡ്‌നൈന്‍ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 9.21നാണ് നിക്‌സി ഷാകി, ഓട്ടം താര എന്നീ ഇരട്ട പെണ്‍കുട്ടികള്‍ക്കു 46കാരിയായ ശര്‍മിള ജന്‍മം നല്‍കിയത്. ബ്രിട്ടീഷുകാരനായ ഭര്‍ത്താവ് ദേസ്‌മോണ്ട് കൗട്ടീഞോയുടെ കൂടെയാണ് ശര്‍മിള ആശുപത്രിയില്‍ കഴിയുന്നത്. അമ്മയും കുഞ്ഞുങ്ങളും സുഖം പ്രാപിച്ചതായും ഇവരുടെ പടങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്നും ആശുപത്രി വക്താവ് അറിയിച്ചു.
2016 ആഗസ്തില്‍ നിരാഹാര സമരം അവസാനിപ്പിച്ച ശര്‍മിള 2017ല്‍ വിവാഹിതയാവുകയും കൊടൈക്കനാലിലേക്കു താമസം മാറുകയുമായിരുന്നു. ലോകത്ത് എറ്റവും കൂടുതല്‍ കാലം നീണ്ടുനിന്ന നിരാഹാര സമരമായാണ് ഇറോംശര്‍മിളയുടെ സമരം അറിയപ്പെടുന്നത്.