സര്‍ക്കാരിന്റേത് മെല്ലെപ്പോക്ക്; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ദേശീയ വനിതാ കമ്മിഷന്‍

15 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ അന്വേഷണത്തിനായി സംഘത്തെ നിയോഗിക്കുമെന്ന് കമ്മിഷന്‍ വ്യക്തമാക്കി. ഡബ്ല്യുസിസി നിരന്തരം പരാതി നല്‍കുകയാണെന്ന് കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു.

Update: 2022-05-02 09:33 GMT

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവിടണമെന്ന് ദേശീയ വനിതാ കമ്മിഷന്‍. സംസ്ഥാന ചീഫ് സെക്രട്ടറിയോട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 15 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ അന്വേഷണത്തിനായി സംഘത്തെ നിയോഗിക്കുമെന്ന് കമ്മിഷന്‍ വ്യക്തമാക്കി. ഡബ്ല്യുസിസി നിരന്തരം പരാതി നല്‍കുകയാണെന്ന് കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു.

മന്ത്രി പി രാജീവിനെ തള്ളിയ രേഖ ശര്‍മ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. പ്രൊഡക്ഷന്‍ ഹൗസുകളില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനമില്ല. മൂന്നു മാസത്തിനകം തന്നെ റിപോര്‍ട്ട് പുറത്തുവിടണമായിരുന്നു. പരാതിക്കാര്‍ക്ക് റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നും സംസ്ഥാന സര്‍ക്കാരിന് മെല്ലെപ്പോക്ക് നയമാണെന്നും രേഖ ശര്‍മ കുറ്റപ്പെടുത്തി.

അതിനിടെ നിയമമന്ത്രി പി രാജീവിന് അയച്ച കത്ത് ഡബ്ല്യുസിസി സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടു. 2022 ജനുവരി 21നാണ് മന്ത്രിക്ക് സംഘടനാ ഭാരവാഹികള്‍ കത്ത് നല്‍കിയത്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആവശ്യപ്പെട്ടു എന്ന് മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. ഡബ്ല്യുസിസി അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു എന്നും മന്ത്രി പറഞ്ഞു. ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

മന്ത്രി പി രാജീവിന്റെ നിലപാട് തള്ളി സിനിമാ പ്രവര്‍ത്തക ദീദി ദാമോദരന്‍ രംഗത്തെത്തിയിരുന്നു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് തന്നെയാണ് ഡബ്ല്യുസിസിയുടെ ആവശ്യമെന്ന് ദീദി ദാമോദരന്‍ പറഞ്ഞു. 'എന്തൊക്കെയാണ് വേണ്ടതെന്ന് ആലോചിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറയുന്നത്. എല്ലാവരും രഹസ്യ സ്വഭാവമുള്ള മൊഴിയല്ല കൊടുത്തത്. ഞാന്‍ കൊടുത്തത് രഹസ്യ സ്വഭാവമുള്ള മൊഴിയില്ല. രഹസ്യ സ്വഭാവമുള്ള മൊഴികള്‍ ഒഴിവാക്കി ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടേണ്ടതാണെന്നും ദീദി ദാമോദരന്‍ വ്യക്തമാക്കി.

Tags:    

Similar News